അന്താരാഷ്ട്ര ക്രിക്കറിൽ നിന്ന് വിരമിച്ചെങ്കിലും ജാർഖണ്ഡിൽ ഇപ്പോഴും ഉയർന്ന നികുതി നൽകുന്നവരിൽ ക്രിക്കറ്റ് താരം എംഎസ് ധോണിയുണ്ട്.ആദായനികുതി വകുപ്പിൻെറ കണക്കനുസരിച്ച്, ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ കരിയർ ആരംഭിച്ചതുമുതൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നികുതി നൽകിവരുന്നു.
ഈ വർഷം മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ധോണി ആദായ നികുതി വകുപ്പിൽ മുൻകൂർ നികുതിയായി 38 കോടി രൂപ അടച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവും ഇതേ തുക തന്നെ മുൻകൂർ നികുതിയായി നൽകിയിരുന്നു. ക്രിക്കറ്റിൽ നിന്നും പരസ്യങ്ങളിൽ നിന്നുമുള്ള വരുമാനത്തിന് പുറമെ ഹോംലെയ്ൻ, കാർസ് 24, ഖതാബുക്ക് തുടങ്ങി നിരവധി കമ്പനികളിൽ ധോണി നിക്ഷേപം നടത്തിയിട്ടുണ്ട്. റാഞ്ചിയിൽ 43 ഏക്കറോളം കൃഷിഭൂമിയും അദ്ദേഹത്തിനുണ്ട്.
2022-23 വർഷത്തിലെ അദ്ദേഹത്തിൻെറ വരുമാനം മുൻവർഷത്തെ വരുമാനത്തിന് തുല്യമാണ്. ആദായനികുതി വകുപ്പിന് മുൻകൂർ നികുതി അടച്ചതിൻെറ കണക്കനുസരിച്ചാണിത്. 2020 ഓഗസ്റ്റ് 15 ന് വിരമിച്ചിട്ടും ധോണിയുടെ വാർഷിക വരുമാനത്തെ ഇത് ബാധിച്ചിട്ടില്ല. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടും 2022-23 വർഷത്തിൽ ജാർഖണ്ഡിൽ തന്നെ ഏറ്റവും ഉയർന്ന നികുതി നൽകിയത് അദ്ദേഹമാണെന്ന് ആദായ നികുതി വകുപ്പ് തന്നെയാണ് സ്ഥിരീകരിച്ചത്.