സനാ: യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷക്ക് യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയതിന് പിന്നാലെ സഹായം അഭ്യര്‍ത്ഥിച്ച് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി. ഇത് തന്റെ അവസാനത്തെ അപേക്ഷയാണെന്നും ഇനി വളരെ കുറച്ച് ദിവസങ്ങള്‍ കൂടി മാത്രമാണുള്ളതെന്നും യെമനിലുള്ള നിമിഷ പ്രിയയുടെ അമ്മ പറഞ്ഞു.
ഇതുവരെ സഹായിച്ച എല്ലാവര്‍ക്കും പ്രേമകുമാരി നന്ദി പറഞ്ഞു. ഇനി വളരെ കുറച്ച് ദിവസങ്ങള്‍ കൂടി മാത്രമേ ബാക്കി ഉള്ളൂ. എല്ലാവരും വധശിക്ഷ ഒഴിവാക്കാന്‍ സഹായിക്കണം. ഇത് തന്റെ അവസാനത്തെ അപേക്ഷയാണെന്നും അവര്‍ പറഞ്ഞു.
അതേസമയം നിമിഷപ്രിയയുടെ മോചനത്തിനുള്ള സാധ്യത അടഞ്ഞിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബമാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ഒത്തുതീര്‍പ്പിനുള്ള ചര്‍ച്ചകള്‍ തുടരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ ശിക്ഷ ശരിവച്ചത് സാങ്കേതിക നടപടി മാത്രമാണെന്നും വ്യക്തമാക്കി. അവരെ മോചിപ്പിക്കാനായി കുടുംബം പരിശ്രമിക്കുകയാണ്. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
നിമിഷപ്രിയയുടെ കാര്യത്തില്‍ പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ലെന്ന് യെമനില്‍ നിമിഷയുടെ മോചനത്തിനായി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞു. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തിന്റെ വിശ്വാസം വീണ്ടെടുക്കാന്‍ ശ്രമങ്ങള്‍ തുടരുമെന്നും ഒരു ഇന്ത്യക്കാരി യെമന്‍ മണ്ണില്‍ക്കിടന്നു മരിക്കാതിരിക്കാന്‍, അവസാനം വരെ പ്രവര്‍ത്തിക്കുമെന്നും സാമുവല്‍ ജെറോം പറഞ്ഞു.
2017ലാണ് യെമന്‍ പൗരന്‍ കൊല്ലപ്പെട്ടത്. 2018 ല്‍ വധശിക്ഷ വിധിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കുക മാത്രമാണ് നിമിഷപ്രിയയുടെ മോചനത്തിനായി ഇനി മുന്നിലുള്ള ഏക വഴി. മോചനശ്രമവുമായി എട്ടുമാസമായി നിമിഷ പ്രിയയുടെ അമ്മ യെമനില്‍ തന്നെയാണ് ഉള്ളത്. 40,000 യുഎസ് ഡോളറാണ് ചര്‍ച്ചയ്ക്കായി അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ആദ്യഗഡുവായി 20,000 കോടി ഡോളര്‍ നല്‍കിയിരുന്നു.