സജി ചെറിയാന്‍ വീണ്ടും സംസ്ഥാന മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിലാണ് സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരികെക്കൊണ്ടുവരാനുള്ള തീരുമാനം. കോടതി ക്ലീന്‍ചിറ്റ് നല്‍കിയതിന്റെ സാഹചര്യത്തിലാണ് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.ഗവർണറുടെ സൗകര്യം നോക്കി സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ചുമതലപ്പെടുത്തി. വിവാദമായ മല്ലപ്പള്ളി പ്രസംഗത്തിൻ്റെ പേരിലാണ് സംസ്ക്കാരിക വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാന് കഴിഞ്ഞ ജൂലൈ മാസം മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നത്.
കേസില്‍ സജി ചെറിയാനെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. എംഎല്‍എയെ അയോഗ്യനാക്കണമെന്ന് പറയുന്ന നിയമത്തിലെ വ്യവസ്ഥ ഏതാണെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. പ്രഥമ ദൃഷ്ട്യാ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നും കോടതി വിശദീകരിച്ചിരുന്നു