ചെരിപ്പുകള്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്ക് നികുതി വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം മാറ്റി ജിഎസ്ടി കൗണ്‍സില്‍. അഞ്ചുശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി വര്‍ധിപ്പിച്ച തീരുമാനമാണ് മാറ്റിവെച്ചത്. വ്യാപാര സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം.46-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിൽ കേരളം അടക്കം നിരവധി സംസ്ഥാനങ്ങൾ നികുതി വർധനയ്ക്കെതിരെ നിലപാടെടുത്തിരുന്നു. ജി എസ് ടി കൗൺസിൽ ഏകകണ്ഠമായാണ് തീരുമാനം എടുത്തത്.
അടിയന്തരമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വിളിച്ച് ചേര്‍ത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് സുപ്രധാന തീരുമാനം ഉണ്ടായത്.
ചെരിപ്പുകള്‍ക്കും വസ്ത്രങ്ങള്‍ക്കും വര്‍ദ്ധിപ്പിച്ച 12 ശതമാനം നികുതി പുതുവര്‍ഷമായ നാളെ മുതല്‍ നിലവില്‍ വരാനിരിക്കെയാണ് മാറ്റിവെച്ചത്. നികുതി 12 ശതമാനമായി വര്‍ദ്ധിപ്പിച്ച തീരുമാനത്തിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. വര്‍ദ്ധിപ്പിച്ച നികുതി ചുമത്തുന്നത് നീട്ടി വയ്ക്കണമെന്ന് വ്യാപാര സംഘടനകളും ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ആയിരത്തിന് മീതെയുള്ള തുണിത്തരങ്ങള്‍ക്കായിരുന്നു അഞ്ച് ശതമാനം ജിഎസ്ടി ചുമത്തിയിരുന്നത്.