ദില്ലിയിൽ നവംബർ 27 മുതൽ റസിഡന്റ് ഡോക്ടർമാർ നടത്തിവന്ന സമരം പിൻവലിച്ചു. സാധാരണക്കാരെ ബുദ്ധിമുട്ടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സമരം അവസാനിപ്പിക്കുകയാണെന്നും ഡോക്ടർമാർ അറിയിച്ചു.
സുപ്രീം കോടതി കേസിലെ സർക്കാർ നിലപാട് നോക്കി ഭാവി തീരുമാനം എടുക്കുമെന്ന് ഡോക്ടർമാരുടെ സംഘടനയായ ഫോർഡ അറിയിച്ചു. അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിലെ സാമ്പത്തിക സംവരണം ചോദ്യം ചെയ്ത ഹർജികൾ ജനുവരി ആറിനാണ് സുപ്രീംകോടതി പരിഗണിക്കാനിരിക്കുന്നത്.
സമരത്തിനിടെ സപ്രീം കോടതി മാർച്ചിനിടെ സംഘർഷമുണ്ടായി. പിന്നാലെ സമരം ശക്തമായി ഇന്നലെ ദില്ലി പൊലീസ് ജോയിന്റ് കമ്മീഷണറുമായി ചർച്ച നടന്നു. പൊലീസ് ക്ഷമ പറയണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. കേസുകൾ പിൻവലിക്കാമെന്ന് പൊലീസ് ഉറപ്പ് നൽകി. ഇന്നലെ ആരോഗ്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ചു. അതിന് പിന്നാലെയാണ് സമരം പിൻവലിക്കാനുള്ള തീരുമാനമായതെന്നും ഡോക്ടർമാർ പറഞ്ഞു.

