ഏഷ്യയിലെ അതിസമ്പന്ന പട്ടികയില്‍ മുകേഷ് അംബാനിയെ പിന്തള്ളി ഴോങ് ഷന്‍ഷാന്‍ ഒന്നാമത്. ബ്ലൂംബര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സ് പ്രകാരം 77.8 ബില്യണ്‍ യുഎസ് ഡോളറാണ് ഴാങ്ങിന്റെ ആസ്തി. ഈ വര്‍ഷം മാത്രം ഏഴു ബില്യണ്‍ ഡോളറിന്റെ വര്‍ധനയാണ് ഇദ്ദേഹത്തിന്റെ ആസ്തിയില്‍ ഉണ്ടായത്.
66 കാരനായ ഴാങ് മാധ്യമങ്ങളില്‍ അപൂര്‍വ്വമായി മാത്രം പ്രത്യക്ഷപ്പെടുന്നയാളാണ്. ലോണ്‍ വോള്‍ഫ് (ഒറ്റപ്പെട്ട ചെന്നായ) എന്നാണ് ഇദ്ദേഹം പ്രാദേശികമായി അറിയപ്പെടുന്നത് എന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയിലെ ഏറ്റവും വലിയ ബീവറേജ് കമ്പനി നോങ്ഫു സ്പ്രിങ് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്.ആറാം ക്ലാസില്‍ സ്‌കൂള്‍ പഠനം നിര്‍ത്തിയ ഴോങ് നിര്‍മാണ തൊഴിലാളിയായും മാധ്യമപ്രവര്‍ത്തകനായും ബീവറേജിലെ ജോലിക്കാരനായും ജോലി ചെയ്തിട്ടുണ്ട്. പിന്നീടാണ് സ്വന്തമായി കമ്പനി ആരംഭിച്ചത്. 1996ലാണ് നോങ്ഫു സ്പ്രിങ് കമ്പനി സ്ഥാപിച്ചത്. കോവിഡ് വാക്‌സിന്‍ നിര്‍മാണത്തില്‍ പങ്കാളികളായ മരുന്നു നിര്‍മാണക്കമ്പനി ബീജിങ് വാന്‍തായി ബയോളജിക്കല്‍ ഫാര്‍മസി എന്റര്‍പ്രൈസസ് കോര്‍പറേഷനും ഇദ്ദേഹത്തിന്റെ ഉടമസ്ഥതിയുള്ളതാണ്.76.9 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. മൂന്നാം സ്ഥാനത്തുള്ള കോളിന്‍ ഹോങ്ങിന്റേത് 63.1 ബില്യണ്‍ ഡോളറാണ്. ആലിബാബ ഉടമസ്ഥനായ ജാക്ക് മാ 51.3 ബില്യണ്‍ ഡോളറുമായി അഞ്ചാം സ്ഥാനത്താണ്.