ജന്മദിനത്തിൽ കേക്കു മുറിക്കില്ലെന്ന പതിവ് തെറ്റിക്കാതെ ഉമ്മൻചാണ്ടി.ജന്മദിനാഘോഷത്തിന് കേക്കുമായി നേതാക്കളും പ്രവര്‍ത്തകരും എത്തിയപ്പോഴാണ് ജന്മദിനത്തിന് കേക്ക് മുറിക്കുന്ന പതിവ് തനിയ്ക്കില്ലെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറിയത്.പകരം കേക്കുമായി ആശംസ അർപ്പിക്കാനെത്തിയ സ്ഥലം എംഎൽഎ അൻവർ സാദത്ത് തന്നെ കേക്കു മുറിക്കട്ടെ എന്നായിരുന്നു നിലപാട്. ഇതോടെ എല്ലാവരുടെയും സമ്മതം വാങ്ങി അൻവർ സാദത്ത് കേക്ക് മുറിച്ച് ഉമ്മൻചാണ്ടിക്കും കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും നൽകി.ചികിത്സയ്ക്കായി ആലുവയില്‍ തങ്ങുന്ന ഉമ്മന്‍ചാണ്ടിയ്ക്ക് എണ്‍പതാം ജന്മദിനത്തില് ആശംസകള്‍ നേരാന്‍ നിരവധി നേതാക്കളും പ്രവര്‍ത്തകരും ഗസ്റ്റ് ഹൗസില്‍ എത്തി. ചലച്ചിത്രതാരം മമ്മൂട്ടി ഉള്‍പ്പെടെയുള്ളവരും ഇന്ന് ഗസ്റ്റ് ഹൗസിലെത്തിയിരുന്നു.
അൻവർ സാദത്തിന്റെ പോസ്റ്റ്
പ്രിയങ്കരനായ ഉമ്മൻചാണ്ടി സാറിന് ജന്മദിനാശംസകൾ നേരുന്നു…
ജന്മദിനമായ ഇന്ന് അദ്ദേഹം കുടുംബത്തോടൊപ്പം ആലുവ ഗസ്റ്റ് ഹൗസിൽ (പാലസ് ) ഉണ്ടായിരുന്നു.
ഞങ്ങൾ കേക്കുമായി അദ്ദേഹത്തിന്റെ അടുത്തെത്തി കേക്ക് മുറിക്കാൻ ആവശ്യപ്പെട്ടു. ജന്മദിനത്തിൽ കേക്ക് മുറിക്കുന്ന പതിവ് തനിക്കില്ല എന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ഞങ്ങൾ എത്ര നിർബന്ധിച്ചിട്ടും അദ്ദേഹം അതിന് തയ്യാറായില്ല,
“ഇത് ഒരു വല്ലാത്ത മനുഷ്യൻ തന്നെ”
അങ്ങനെ വന്നപ്പോൾ അദ്ദേഹത്തിന്റെ മൗനസമ്മതത്തോടെ എല്ലാവരുടെയും ആവശ്യപ്രകാരം ഞാൻ കേക്ക് മുറിച്ച് ഉമ്മൻചാണ്ടി സാറിന്റെ കുടുംബാംഗങ്ങൾക്കും എല്ലാവർക്കും മധുരം നൽകി. ഇത് എനിക്ക് കിട്ടിയ അപൂർവമായ സൗഭാഗ്യമായി ഞാൻ കാണുകയാണ്.
അദ്ദേഹത്തിന് സർവ്വവിധ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു.

