ഷാരോൺ രാജ് കൊലപാതകത്തിലെ പ്രതിയായ ഗ്രീഷ്മയെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും. ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഉച്ചയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും. മറ്റൊരാളെ വിവാഹം ചെയ്യുന്നതിനായി ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന് ഗ്രീഷ്മ മൊഴി നൽകിയിരുന്നു. കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്ന് വിശദമായി അന്വേഷിക്കും.ഷാരോണിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് വൈരാഗ്യമാണെന്നാണ് ഗ്രീഷ്മ മൊഴി നൽകിയിരിക്കുന്നത്. ഗ്രീഷ്മയുടെ ചില സ്വകാര്യ ചിത്രങ്ങളും ദ്യശ്യങ്ങളും ഷാരോണിന്റെ പക്കലുണ്ടായിരുന്നു. പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും വിഡിയോയും ഫോട്ടോയും ഷാരോൺ ഗ്രീഷ്മയ്ക്ക് നൽകിയില്ല, ഡിലീറ്റ് ചെയ്തതുമില്ല. ഷാരോൺ ഇത് പ്രതിശ്രുത വരന് കൈമാറുമെന്ന് ഗ്രീഷ്മ ഭയന്നിരുന്നു. ഗ്രീഷ്മ പലതവണ ആത്മഹത്യ ഭീഷണി മുഴക്കിയിട്ടും ഷാരോൺ വഴങ്ങിയിരുന്നില്ല. ഈ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് ഗ്രീഷ്മയുടെ മൊഴി.പ്രണയം ബന്ധുക്കള്‍ അറിഞ്ഞപ്പോള്‍ പിന്മാറാന്‍ ശ്രമിച്ചു. വിവാഹനിശ്ചയത്തിന് മുമ്പേ തന്നെ ബന്ധത്തില്‍ നിന്നും പിന്മാറാന്‍ ശ്രമിച്ചു. ആത്മഹത്യാഭീഷണി മുഴക്കിയിട്ടും ഷാരോണ്‍ പിന്മാറിയില്ല. വിഷക്കുപ്പി പറമ്പിലേക്ക് എറിഞ്ഞു കളഞ്ഞു. ഷാരോണിന്റെ മരണത്തിന് ശേഷം ചോദ്യം ചെയ്യലില്‍ നിന്നും എങ്ങനെ രക്ഷപ്പെടാമെന്ന് ഗുഗിളില്‍ തിരഞ്ഞതായും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു.കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിച്ചത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. കൊലപാതകത്തിൽ പ്രതി ഗ്രീഷ്മ കുറ്റം സമ്മതിച്ചത് ഇന്നലെയാണ്. നിലവിൽ കേസിൽ ഗ്രീഷ്മ മാത്രമാണ് പ്രതി. ശാസ്ത്രീയമായ തെളിവുകൾ ഇനിയും ശേഖരിക്കേണ്ടതുണ്ട്. ഇന്നലെ 7 മണിക്കൂറോളം ഗ്രീഷ്മയെ ചോദ്യം ചെയ്തു. ഷാരോണിനെ ഒഴിവാക്കാൻ ജാതക ദോഷമുണ്ടെന്ന് ഗ്രീഷ്മ കള്ളം പറയുകയായിരുന്നുവെന്ന് എഡിജിപി എം ആർ അജിത് കുമാർ പറഞ്ഞു.എം എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ (22). മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നല്‍കുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. തുരിശിന്‍റെ (കോപ്പർ സൽഫേറ്റ്) അംശം കഷായത്തിൽ ഉണ്ടായിരുന്നു. പോസ്റ്റുമോർട്ടം നടത്തിയ ഡോക്റുടെ മൊഴിയും കേസന്വേഷണത്തില്‍ നിർണായകമായി.
ഷാരോണിന്റെ പക്കൽ ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും,കൈമാറാത്തത് വൈരാഗ്യം കൂട്ടി;തെളിവെടുപ്പ് ഇന്ന്

