ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ ഇന്നു ന്യൂസിലന്‍ഡിനെ നേരിടും . ദുബായി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ രാത്രി 7:30 മുതലാണ് മത്സരം. തങ്ങളുടെ ആദ്യ മത്സരത്തില്‍ പാകിസ്താനോടു തോറ്റതിനാൽ ഇരുടീമുകള്‍ക്കും ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമാണ്.
തോല്‍വി തങ്ങളുടെ സെമി സാധ്യത ഇല്ലാതാക്കുമെന്നതിനാല്‍ ജീവന്മരണപ്പോരാട്ടമാണ് ഇന്ത്യക്കും ന്യൂസിലന്‍ഡിനും ഇന്നത്തെ മത്സരം. ദുബായിയില്‍ ടോസ് ജയിക്കുന്ന ടീം ഫീല്‍ഡിങ് തെരഞ്ഞെടുക്കുമെന്നതിനാല്‍ ടോസ് ആയിരിക്കും ഏറ്റവും നിര്‍ണായകം.
പാകിസ്താനെതിരേ മോശം പ്രകടനം കാഴ്ചവച്ച ടീമില്‍ നിന്നു മാറ്റങ്ങളുമായിട്ടാകും ഇന്ത്യ ഇന്നിറങ്ങുക. മോശം ഫോമില്‍ തുടരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയെ ഒഴിവാക്കി ഷാര്‍ദൂല്‍ താക്കൂറിനെ ഇറക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം. പാണ്ഡ്യ ഇന്നും ടീമില്‍ തുടരുമെന്നാണ് സൂചനകള്‍.
ടീമിന്റെ ബൗളിങ് നിരയില്‍ മാത്രമാണ് മാറ്റം പ്രതീക്ഷിക്കുന്നത്. പാകിസ്താനെതിരേ ഇന്ത്യന്‍ പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും മോശം പ്രകടനമാണ് കാഴ്ചവച്ചത്. ഈ സാഹചര്യത്തില്‍ ഭുവിയെ ഒഴിവാക്കി ഷാര്‍ദ്ദൂല്‍ താക്കൂറിനെ പകരം കളി പ്പിക്കാനാണ് ആലോചിക്കുന്നതെന്ന് ടീമുമായി അടൃത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.