മീനാക്ഷിപുരം : മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നാലുമാസം പ്രായമുള്ള ആദിവാസി കുഞ്ഞ് മരിച്ചു .
പാർഥിപൻ– സംഗീത ദമ്പതികളുടെ പെൺകുഞ്ഞ് കനിഷ്കയാണു മരിച്ചത്. നാലുമാസം പ്രായമായ കുഞ്ഞിന്റെ തൂക്കം 2.200 കിലോഗ്രാമായിരുന്നു. ഇന്നലെ പുലർച്ചെ വീട്ടിൽ പാൽകൊടുക്കുമ്പോൾ അനക്കമില്ലാതായതോടെ കുഞ്ഞിനെ അഞ്ചരയോടെ പാലക്കാട് ഗവ.വനിതാ– ശിശു ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
2 വർഷം മുൻപ് ദമ്പതികളുടെ ആദ്യ പെൺകുഞ്ഞ് സമാനമായ രീതിയിൽ മരിച്ചതാണ്. കുഞ്ഞിന് മറ്റ് അസുഖങ്ങളില്ലായിരുന്നുവെന്നും കൃത്യമായി ഭക്ഷണം കൊടുക്കാറുണ്ടായിരുന്നുവെന്നും മാതാപിതാക്കൾ പറഞ്ഞു. പെരുമാട്ടി പഞ്ചായത്തിലെ 9ാം വാർഡിൽപെടുന്ന സർക്കാർപതി ഉന്നതിയിലാണു യുവതിയും കുടുംബവും താമസിക്കുന്നത്.

