Kerala News

സ്ഥിരം ലഹരികുറ്റവാളികളെ തടവിലിടും: മുഖ്യമന്ത്രി

ലഹരി ഉപഭോഗവും വിതരണവും സംബന്ധിച്ച് സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കരുതല്‍ തടങ്കലിനുള്ള ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. 1988 ലെ പ്രിവന്‍ഷന്‍ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇന്‍ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സസ് ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരമാണിത്. പി സി വിഷ്ണുനാഥിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന ലഹരി വിരുദ്ധനടപടികളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചത്.

പി ഐ ടി എന്‍ ഡി പി എസ് എന്ന പേരില്‍ അറിയപ്പെടുന്ന പ്രത്യേക നിയമം പാര്‍ലിമെന്റ് പാസാക്കിയിട്ടുണ്ട്. ഇതനുസരിച്ച് സ്ഥിരം കുറ്റവാളികളെ രണ്ട് വര്‍ഷംവരെ വിചാരണ കൂടാതെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരമുണ്ട്. ഇത് നാം ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. ഈ കാര്യത്തിലാണ് കര്‍ശനിര്‍ദേശം നല്‍കിയത്.

ഉത്തരവ് സംസ്ഥാന സര്‍ക്കാരിലെ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് നല്‍കേണ്ടത്. പി ഐ ടി എന്‍ ഡി പി എസ് ആക്ട് പ്രകാരമുള്ള ശുപാര്‍ശ സമര്‍പ്പിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരും എക്‌സൈസ് ഉദ്യോഗസ്ഥരും തയ്യാറാകണം.

ലഹരി ഉപഭോഗവും വിതരണവും സംബന്ധിച്ച വിഷയം നമ്മുടെ സമൂഹം നേരിടുന്ന അതീവ ഗൗരവമായ ഒന്നാണ്. അത് അതീവ പ്രാധാന്യത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. വിവിധ രീതിയില്‍ നാം ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളെ സമീപിക്കേണ്ടതുണ്ട്. അതില്‍ ഒന്ന് ഇത് ബോധപൂര്‍വ്വം ചെയ്യുന്നൊരു കുറ്റമാണ് എന്ന് കണ്ട് പ്രതിരോധിക്കുകയെന്നതാണ്. പണസമ്പാദനത്തിനു വേണ്ടി ഏത് ഹീനമാര്‍ഗവും സ്വീകരിക്കാന്‍ തയ്യാറാകുന്ന ശക്തികള്‍ നിസാരന്‍മാരായിരിക്കില്ല. അത്തരം ആളുകളാണ് ഇതിന്റെ എല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

ഇപ്പോഴത്തെ അന്വേഷണ രീതിയിലും കേസുകള്‍ ചാര്‍ജ്ജ് ചെയ്യുന്ന രീതിയിലും ചില മാറ്റങ്ങള്‍ വേണ്ടതുണ്ട്. നാര്‍ക്കോട്ടിക് കേസുകളില്‍പ്പെട്ട പ്രതികളുടെ മുന്‍ ശിക്ഷകള്‍ കോടതിയില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ ഇപ്പോള്‍ വിശദമായി ചേര്‍ക്കുന്നില്ല. എന്‍ ഡി പി എസ് നിയമത്തിലെ 31, 31എ വിഭാഗത്തിലുള്ളവര്‍ക്ക് ഉയര്‍ന്ന ശിക്ഷ ഉറപ്പു വരുത്താന്‍ ഇത് ചേര്‍ക്കേണ്ടതുണ്ട്. ആ കാര്യത്തില്‍ വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചാര്‍ജ്ജ് ചെയ്യുന്ന കേസുകളില്‍ നേരത്തെ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ആ വിവരങ്ങള്‍ കൂടി ഇനി മുതല്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തണം. അങ്ങനെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എന്‍ ഡി പി എസ് നിയമത്തിലെ 31, 31 എ പ്രകാരം ഉയര്‍ന്ന ശിക്ഷ ഉറപ്പു വരുത്താന്‍ കഴിയണം.

അതൊടൊപ്പം കുറ്റവാളികളില്‍ നിന്ന് ഇനി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടില്ല എന്ന് വ്യക്തമാക്കുന്ന ബോണ്ട് വാങ്ങാന്‍ സാധിക്കും. ബോണ്ട് വാങ്ങുന്നതിന് എന്‍ ഡി പി എസ് നിയമത്തില്‍ 34-ാം വകുപ്പ് അധികാരം നല്‍കുന്നുണ്ട്. പക്ഷെ അത് സാര്‍വ്വത്രികമായി ഉപയോഗിക്കുന്നില്ല. ഈ കാര്യത്തിലും വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എസ്.എച്ച്.ഒമാരും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരുമാണ് ഈ ബോണ്ട് വാങ്ങേണ്ടത്.

കാപ്പാ രജിസ്റ്റര്‍ തയ്യാറാക്കുന്ന മാതൃകയില്‍ ലഹരികടത്ത് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കണം. നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. / എ.സി.പി. യുടെ നേതൃത്വത്തില്‍ ഈ ഡാറ്റാ ബാങ്ക് തയ്യാറാക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട പ്രത്യേക പ്രചരണ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചുടുണ്ട്. അടുത്ത ചില ആഴ്ചകളില്‍ ഇതിനായുള്ള ഒരു സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കും. എന്‍ഡിപിഎസ് നിയമത്തില്‍ 34-ാം വകുപ്പ് പ്രകാരം ബോണ്ട് വയ്പ്പിക്കുക, മയക്കുമരുന്ന് കടത്തലില്‍ പതിവായി ഉള്‍പ്പെടുന്നവരെ പിഐടി എന്‍ഡിപിസ് ആക്ട് പ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുക, ഇത്തരം നടപടികള്‍ക്കാണ് ഒരു സ്‌പെഷ്യല്‍ ഡ്രൈവ് ഈ അടുത്ത ദിവസങ്ങള്‍ തൊട്ട് സംസ്ഥാനത്താകെ നടത്തണം എന്ന് തീരുമാനിച്ചിട്ടുള്ളത്. ഇതിന് മുന്നോടിയായി നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി മാര്‍ക്കും കേരള ആന്റി നര്‍ക്കോട്ടിക് സെല്‍ സ്‌പെഷ്യല്‍ ഫോഴ്‌സിലെ അംഗങ്ങള്‍ക്കും എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷ്ണര്‍മാര്‍ എന്‍ഫോഴ്‌സമെന്റ് സ്‌ക്വാഡ് എന്നിവര്‍ക്കും സംസ്ഥാനതലത്തില്‍ പരിശീലനം നല്‍കും. ജില്ലാതലത്തില്‍ എസ് എച്ച് ഒമാര്‍ സബ്ഡിവിഷണല്‍ പൊലീസ് ഓഫീസര്‍മാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാര്‍ ഇവര്‍ക്കും ഇതേ പരിശീലനം നല്‍കും.

മയക്കുമരുന്ന് കേസുകളില്‍ ഒന്നിലധികം തവണ ഉള്‍പ്പെടുന്നവരുടെ വിവരശേഖരണം നടത്തി ഒരു ഹിസ്റ്ററി ഷീറ്റ് തയ്യാറാക്കി പൊലീസ് സ്റ്റേഷനുകളിലും എക്‌സൈസ് റെയ്ഞ്ച് ഓഫീസുകളിലും സൂക്ഷിക്കണം. അവരെ നിരന്തരം നിരീക്ഷിക്കണം.

ഇത്തരം നടപടികള്‍കൊണ്ട് മാത്രം ഈ കാര്യങ്ങള്‍ പൂര്‍ണമായി നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപിതവും സംഘടിതവുമായ സംവിധാനം ഉണ്ടാകണം. നമ്മുടെ നാടാകെ ചേര്‍ന്ന് കൊണ്ടുള്ള ഒരു നീക്കമാണ് ആവശ്യം.

ലഹരിക്ക് എതിരായ പോരാട്ടം ജനകീയ ക്യാമ്പയിനായി സംഘടിപ്പിക്കേണ്ടുതുണ്ട്. എല്ലാ വിഭാഗം ജനങ്ങളെയും ഈ ക്യാമ്പയിനിന്റെ ഭാഗമാക്കാന്‍ സഹായകമാകുംവിധം പ്രവര്‍ത്തന പദ്ധതി തയ്യാറാക്കണം. വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, മഹിളകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജാതി-മത-സമുദായ സംഘടനകള്‍, ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, സാമൂഹ്യ – സാംസ്‌കാരിക -രാഷ്ട്രീയ കൂട്ടായ്മകള്‍ ഉള്‍പ്പെടെയുള്ള വിവിധ പ്രാദേശിക കൂട്ടായ്മകളെ ഈ ക്യാമ്പയിനില്‍ കണ്ണിചേര്‍ക്കണം. ഇതിന് വ്യക്തമായ രൂപരേഖ തയ്യാറാക്കണം.

ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനമാണ്. അന്ന് ലഹരി വിരുദ്ധ പരിപാടികള്‍ സംസ്ഥാനത്താകെ നമ്മുക്ക് സംഘടിപ്പിക്കാം. ആ ദിവസം എല്ലാ വിദ്യാലയങ്ങളിലും ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിക്കണം. ഗാന്ധിജയന്തി ദിനത്തില്‍ സ്‌കൂള്‍, കോളേജ്, ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ചുറ്റും ലഹരി വിരുദ്ധ സംരക്ഷണശൃംഖല സൃഷ്ടിക്കാവുന്നതാണ്. എല്ലാ ക്ലാസ്സുകളിലും വിക്ടേഴ്‌സ് ചാനല്‍ വഴി ലഹരിവിരുദ്ധ സന്ദേശം കേള്‍ക്കാന്‍ അവസരം ഒരുക്കണം. തുടര്‍ന്ന് ലഹരിക്കെതിരായ രണ്ടോ മൂന്നോ ഹ്രസ്വ സിനിമ/ വീഡിയോയുടെ സഹായത്തോടെ ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ലഹരിവിരുദ്ധ ക്ലാസ്സും ലഹരി എന്ന വിപത്ത് ഒഴിവാക്കുന്നതിന് പ്രാദേശികമായി ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയും സംഘടിപ്പിക്കാന്‍ സാധിക്കും.

വിദ്യാലയങ്ങളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികളുടെ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യണം. റോള്‍പ്ലേ, സ്‌കിറ്റ്, ലഹരി വിരുദ്ധ കവിതാലാപനം, കഥാവായന, പ്രസംഗം, പോസ്റ്റര്‍ രചന, തുടങ്ങി പ്രാദേശിക സാധ്യതകള്‍ പരിഗണിച്ച് പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്യാവുന്നതാണ്. ശുചീകരണത്തിന്റെ ഭാഗമായി പ്രതീകാത്മക ലഹരി ഉല്‍പ്പന്നങ്ങള്‍ കുഴിച്ചുമൂടല്‍ ചടങ്ങും സംഘടിപ്പിക്കാവുന്നതാണ്.

എല്ലാ വിദ്യാലയങ്ങളിലും പി.ടി.എ.യുടെ നേതൃത്വത്തില്‍ പ്രാദേശിക കൂട്ടായ്മകളുടെ പ്രതിനിധികള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്ന ലഹരിവിരുദ്ധ ജനജാഗ്രത സമിതികള്‍ രൂപീകരിക്കണം. വിദ്യാലയത്തിനകത്തും പുറത്തും ജാഗ്രതയോടെ ഇടപെടാനുള്ള പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കണം.

എന്‍.സി.സി., എസ്.പി.സി., എന്‍.എസ്.എസ്., സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, ജെ.ആര്‍.സി., വിമുക്തി ക്ലബ്ബുകള്‍ മുതലായ സംവിധാനങ്ങളെ ലഹരി വിരുദ്ധ ക്യാമ്പയിനില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തണം. ശ്രദ്ധ, നേര്‍ക്കൂട്ടം എന്നിവയുടെ പ്രവര്‍ത്തനം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉറപ്പാക്കണം. ഇത്തരം കൂട്ടായ്മയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം ഉറപ്പാക്കണം.

ബസ്സ് സ്റ്റാന്റുകള്‍, വലിയതോതില്‍ ആളുകള്‍ കൂടിച്ചേരുന്ന കവലകള്‍, ക്ലബ്ബുകള്‍/ഗ്രന്ഥാലയങ്ങള്‍ എന്നിവിടങ്ങളില്‍ ഉദ്ഘാടന പ്രസംഗം പ്രദര്‍ശിപ്പിക്കാനുള്ള പ്രൊജക്ടര്‍ സംവിധാനം ഒരുക്കണം. ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയ്യെടുക്കണം. തുടര്‍ന്ന് ലഹരി വിരുദ്ധ ജനജാഗ്രത സദസ് സംഘടിപ്പിക്കണം. ഈ പരിപാടിയില്‍ ഹ്രസ്വ സിനിമ/ വീഡിയോയുടെ സഹായത്തോടെ ലഹരി വിരുദ്ധ ക്ലാസ്സ് നടത്തണം.

എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനമേധാവി അദ്ധ്യക്ഷനും എക്‌സൈസ് / പോലീസ് ഉദ്യോഗസ്ഥന്‍ കണ്‍വീനറുമായി ലഹരിവിരുദ്ധ ജനജാഗ്രത സമിതി രൂപീകരിക്കണം. വാര്‍ഡ് തലത്തിലും ക്ലബ്ബുകള്‍ / ഗ്രന്ഥശാലകള്‍ / റസിഡന്റ്‌സ് അസോസിയേഷനുകള്‍ തലത്തിലും ഈ സമിതിക്ക് യൂണിറ്റുകള്‍ ഉണ്ടാകണം.

എല്ലാ കുടുംബശ്രീ യൂണിറ്റുകളിലും ലഹരി വിപത്ത് സംബന്ധിച്ച പ്രത്യേക ചര്‍ച്ച സംഘടിപ്പിക്കണം. ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി പ്രത്യേക യൂണിറ്റ് യോഗങ്ങള്‍ ചേരണം. ലഹരി ഉപഭോഗമോ, വിതരണമോ ശ്രദ്ധയില്‍പ്പെട്ടാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച കൃത്യവും വിശദവുമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണം. ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം എന്നിവ കൈമാറണം. ചര്‍ച്ചാ കുറിപ്പ് വിമുക്തി മിഷന്‍ തയ്യാറാക്കി നല്‍കണം.

വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപഭോഗവും ലഹരി വിപത്തിനെ തടയലും സംബന്ധിച്ച്
ആരാധാനാലയങ്ങളില്‍ പരാമര്‍ശിക്കുന്നതിന് അഭ്യര്‍ത്ഥിക്കാവുന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനതല ലഹരി വിരുദ്ധ ജനജാഗ്രത സമിതികളില്‍ ഈ നിര്‍ദ്ദേശം വയ്ക്കാവുന്നതാണ്.

സ്‌കൂളുകളില്‍ പ്രവേശിച്ച് ചില കച്ചവടങ്ങള്‍ നടത്തുന്നവരുണ്ട്. അത് പൂര്‍ണമായും തടയും. സ്‌കൂള്‍ പരിസരത്തുള്ള കടകളില്‍ ഇത്തരം ലഹരി വസ്തുകളുമായി ബന്ധപ്പെട്ട എന്തെങ്കിലും വ്യാപാരം നടന്നാല്‍ ആ സ്ഥാപനം പിന്നീട് തുറക്കാന്‍ അനുവദിക്കില്ല.

ജനജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം സംബന്ധിച്ച കരട് രൂപരേഖ മുതലായവ വിമുക്തി മിഷന്‍ എസ്.സി.ഇ.ആര്‍.ടിയുടെ സഹകരണത്തോടെ 2022 സെപ്തംബര്‍ 15നകം തയ്യാറാക്കണം. സെപ്തംബര്‍ 30നകം പ്രത്യേക അദ്ധ്യാപക പരിശീലനം പൂര്‍ത്തീകരിക്കണം.

ലഹരിവിരുദ്ധ ജനജാഗ്രത സമിതി രൂപീകരണത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കേണ്ട ഹ്രസ്വ സിനിമകള്‍/വീഡിയോകള്‍ നിര്‍മ്മിക്കാന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പിനെ ചുമതലപ്പെടുത്തും. അത് 2022 സെപ്തംബര്‍ 20നകം പൂര്‍ത്തീകരിക്കും.

ലഹരി ഉപഭോഗം സൃഷ്ടിക്കുന്ന ശാരീരിക, മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍, സാമൂഹ്യാഘാതങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കി പരിശീലനം വിഭാവനം ചെയ്യണം. ഇതിനായി കൃത്യമായ മൊഡ്യൂളുകള്‍ തയ്യാറാക്കണം. വിമുക്തി മിഷന്‍, എസ്.സി.ഇ.ആര്‍.ടിയുമായി ചേര്‍ന്ന് തയ്യാറാക്കുന്ന മൊഡ്യൂളുകള്‍ മാത്രമേ പരിശീലനത്തിനായി ഉപയോഗിക്കാവൂ.

എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ പോസ്റ്ററുകള്‍ പതിക്കണം. പോസ്റ്ററില്‍ ലഹരി ഉപഭോഗം/വിതരണം ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാന്‍ ബന്ധപ്പെട്ടവരുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടുത്തണം.

എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഈ സ്ഥാപനത്തില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തുന്നില്ല, ലഹരി വസ്തുക്കള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഈ നമ്പറില്‍ ബന്ധപ്പെടാം എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കാവുന്നതാണ്. ബോര്‍ഡില്‍ ബന്ധപ്പെടേണ്ട പോലീസ്/ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം എന്നിവ പ്രദര്‍ശിപ്പിക്കണം.

എല്ലാ എക്‌സൈസ് ഓഫിസിലും ലഹരി ഉപഭോഗം/വിതരണം സംബന്ധിച്ച വിവരങ്ങള്‍ സമാഹരിക്കാന്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കണം. പരാതി ലഭിച്ചാല്‍ അടിയന്തിര ഇടപെടലുകള്‍ ഉണ്ടാകണം. വിവരം നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് ഉറപ്പാക്കണം.

പോലീസ് വകുപ്പും ലഹരി സംബന്ധിച്ച വിവരം ലഭിച്ചാല്‍ ചടുലമായി പ്രതികരിക്കണം. നിലവില്‍ സംസ്ഥാന, ജില്ലാ, പോലീസ് സ്റ്റേഷന്‍ അടിസ്ഥാനത്തില്‍ പ്രത്യേക സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സംവിധാനങ്ങളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം.

എന്‍ഫോഴ്‌സ്‌മെന്റ് മാത്രമല്ല വിവിധ ജനവിഭാഗങ്ങളുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഏകോപിത സമീപനമാണ് ഈ വിപത്ത് തടയാന്‍ ആവശ്യം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്.

ഈ വിഷയത്തില്‍ കര്‍ശമായ നടപടി സ്വീകരിക്കുകയെന്ന തീരുമാനമാണെടുത്തിരിക്കുന്നത്. കേരളമൊട്ടാകെ ഒന്നായി ചേര്‍ന്നുകൊണ്ട് വരുന്ന ഒക്ടോബര്‍ രണ്ട് മുതലുള്ള ഒരു വലിയ ക്യാംപെയ്ന്‍ നമുക്ക് നടത്താനാവണം. ലഹരിമുക്ത സമൂഹമായി നമ്മുടെ സമൂഹത്തെമാറ്റുന്നതിന് അതിലൂടെയാണ് കഴിയുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!