ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ പൊതുഗതാഗത സംവിധാനത്തിന് പുതിയ ചുവടുവെപ്പുമായി ഓളിക്കൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള ഗ്രാമപഞ്ചായത്ത് ഭരണസമിതി. കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടി പദ്ധതിയാണ് പഞ്ചായത്തിൽ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചത്. സംസ്ഥാനത്ത് ഈ പദ്ധതി കൊണ്ടുവരുന്ന മൂന്ന് ഗ്രാമപഞ്ചായത്തുകളിൽ ഒന്നാണ് ചാത്തമംഗലം. കോഴിക്കോട് ജില്ലയിൽ ആദ്യത്തേതും.
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പൊതുഗതാഗത സൗകര്യം കുറവുള്ള മേഖലകളിലേക്കും ഗ്രാമ പ്രദേശങ്ങളിലേക്കും സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന ഭാഗങ്ങളിലേക്കും പൊതുഗതാഗത സൗകര്യം ലഭ്യമാക്കുന്നതിന് ആവിഷ്കരിച്ച പ്രത്യേക കെ.എസ്.ആർ.ടി.സി ബസ് സർവീസാണ് ഗ്രാമവണ്ടി. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയിൽ കൂടുതൽ ബാധ്യത ഏറ്റെടുത്ത് പിന്നാക്ക മേഖലകളിൽ സർവീസ് വ്യാപിപ്പിക്കാൻ കെ.എസ്.ആർ.ടി.സിക്ക് സാധിക്കാത്ത സാഹചര്യത്തിലാണ് ഡീസൽ ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കണമെന്ന നിബന്ധനയോടെ ഗ്രാമവണ്ടി പദ്ധതി നടപ്പിലാക്കുന്നത്.
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഉൾപ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്ന ഗ്രാമവണ്ടിക്ക് ആവശ്യമായ ഡീസൽ ചെലവ് ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ ലഭ്യമാക്കും. ഇതിനാവശ്യമായ തുക സ്പോൺസർഷിപ്പിലൂടെയും പഞ്ചായത്തിന്റെ തനത് ഫണ്ടിലൂടെയും കണ്ടെത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. ആദ്യ ഗഡുവായി കെ.എസ്.ആർ.ടി.സിക്ക് നൽകേണ്ട ഒരു ലക്ഷം രൂപ ചാത്തമംഗലം സർവീസ് സഹകരണ ബാങ്കാണ് നൽകിയത്.
സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സ്പോൺസർഷിപ്പിന് അനുമതിയുണ്ട്. സ്പോൺസർ ചെയ്യുന്നവരുടെ വിശദാംശങ്ങളും പരസ്യങ്ങളും ബസ്സിൽ പ്രദർശിപ്പിക്കുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കുള്ള കൺസഷൻ, ഭിന്നശേഷി പാസുകൾ തുടങ്ങി കെ.എസ്.ആർ.ടി.സിയിൽ നിലവിലുള്ള ആനുകൂല്യങ്ങളും, ലഗേജ് നിരക്കുകളും ഗ്രാമവണ്ടിയിലും ലഭ്യമാക്കും.
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഉൾപ്രദേശങ്ങളിലൂടെ സർവീസ് നടത്തുന്ന ഗ്രാമവണ്ടി രാവിലെ കോഴിക്കോട് ബസ് സ്റ്റാൻഡിൽ നിന്നാണ് യാത്രയാരംഭിക്കുന്നത്. സമീപ പഞ്ചായത്തുകളായ ഓമശ്ശേരി, മാവൂർ, വാഴക്കാട് എന്നിവിടങ്ങളിലേക്കും സർവീസ് നടത്തുന്ന ഗ്രാമവണ്ടി നായർകുഴി ഹയർ സെക്കൻഡറി സ്കൂൾ, ഗവ. കോളേജ്, വെള്ളന്നൂർ ആയുർവേദ ഹോസ്പിറ്റൽ, ചൂലൂർ കുടുംബാരോഗ്യ കേന്ദ്രം, എം.വി.ആർ ക്യാൻസർ സെന്റർ, താത്തൂർ മഖാം തുടങ്ങിയ ഭാഗങ്ങളിൽ എത്തിച്ചേരുന്നതിന് ഏറെ സൗകര്യപ്രദമാവും.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ആസ്ഥാനമായ കെട്ടാങ്ങലിൽ സെപ്റ്റംബർ 3 ശനിയാഴ്ച രാവിലെ 9 മണിക്ക് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഗ്രാമ വണ്ടിയുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിക്കും. പരിപാടിയിൽ ജില്ലാ – ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളും വിവിധ ബഹുജന സംഘടനാ പ്രതിനിധികളും സംബന്ധിക്കും