ദേശീയപാതയിൽ കാരന്തൂർ ജങ്ഷനിൽ കുണ്ടും കുഴിയും താൽക്കാലികമായി അടയ്ക്കുന്ന പ്രവർത്തി അവസാന ഘട്ടത്തിൽ. പ്രതിഷേധങ്ങൾക്കൊടുവിൽ മെഡിക്കൽ കോളജിലേക്ക് വയനാട് ഭാഗത്ത് നിന്നടക്കം ദിവസം നിരവധി ആംബുലൻസുകൾ പോകുന്ന പ്രധാന റോഡിലെ കുഴികൾ അടക്കാനുള്ള പണി ഇന്നലെ രാത്രിയാണ് പിഡബ്ല്യുഡി വിഭാഗം ആരംഭിച്ചത്.
ദേശീയപാതയിൽ നിന്ന് മെഡിക്കൽ കോളജ് റോഡിലേക്ക് തിരിയുന്ന തിരക്കേറിയ ജങ്ഷനാണ് അപകടക്കുഴികൾ കൊണ്ട് നിറഞ്ഞത്. റോഡ് തകർന്നുണ്ടായ കുഴികൾ വാഹനങ്ങൾക്ക് അപകട ഭീഷണിയായിമാറിയിരുന്നു. കൂടാതെ വാഹനങ്ങൾ കുഴിയിൽ വീഴാതിരിക്കാൻ വേഗം കുറച്ച് പോകുന്നതിനാൽ ഗതാഗതകുരുക്കും അനുഭവപ്പെട്ടിരുന്നു. രാത്രി കാലങ്ങളിൽ റോഡ് പരിചയമില്ലാത്ത ഇരുചക്ര വാഹനങ്ങൾക്കും മറ്റും അപകടങ്ങളിൽ പെടുന്നത് പതിവ് കാഴ്ചയായിരുന്നു. ഈ ജങ്ഷൻ മഴക്കാലത്ത് തകരുന്നത് പതിവാണ്. മെഡിക്കൽ കോളജിലേക്ക് ദിവസവും നിരവധി ആംബുലൻസുകളും മറ്റു വാഹങ്ങളും വയനാട്ടിൽ നിന്നും മറ്റും ഇടതടവില്ലാതെ കടന്ന് പോകുന്ന പ്രധാനപ്പെട്ട റോഡാണിത്. കോഴിക്കോട് ഭാഗത്തേക്കുള്ള സ്വകാര്യ ബസുകൾ ഈ ജങ്ഷനിൽ നിന്ന് തിരിഞ്ഞ് മെഡിക്കൽ കോളജ് റോഡിലൂടെയാണ് പോകുന്നത്. ഇരുചക്ര വാഹനങ്ങൾ അടക്കം പലതവണ അപകടത്തിൽപ്പെട്ടിരുന്നു. പരാതികൾ വ്യാപകമായതിനാൽ അധികൃതർ കഴിഞ്ഞ ആഴ്ച താത്കാലികമായി കുഴികൾ അടച്ചിരുന്നു. എന്നാൽ മഴയിലും വാഹങ്ങൾ നിരന്തരം സഞ്ചരിക്കുന്നതിനാലും അടച്ച ഭാഗങ്ങൾ തകർന്ന് വീണ്ടും വലിയ കുഴികൾ രൂപപ്പെട്ടിരുന്ന ഭാഗങ്ങളാണ് വീണ്ടും അടച്ചു തുടങ്ങിയത്. ജങ്ഷനിൽ ഇന്റർലോക്ക് പാകി പ്രശനം പരിഹരിക്കണമെന്നും രോഗികളുമായി വരുന്ന ആംബുലൻസുകൾ അടക്കമുള്ള വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ കഴിയണമെന്നും റോഡ് തകരുന്നതിന് ശാശ്വത പരിഹാരം കാണണമെന്നുമാണ് നാട്ടുകാർ നിരന്തരം ആവശ്യപ്പെടുന്നത്.

