മുംബൈ: മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റി ഇന്ത്യന്‍ റെയില്‍വെ. ധാരാശിവ് എന്നാണ് പുതിയ പേര് . മഹാരാഷ്ട്ര സര്‍ക്കാര്‍ ഒസ്മാനാബാദ് നഗരത്തിന്റെയും ജില്ലയുടെയും പേര് ധാരാശിവ് എന്ന് മാറ്റിയതിന് പിന്നാലെയാണ് നടപടി. ഇരുപതാം നൂറ്റാണ്ടില്‍ ഹൈദരാബാദ് നാട്ടുരാജ്യം ഭരിച്ചിരുന്ന ഭരണാധികാരിയുടെ പേരിലാണ് ഒസ്മാനാബാദ് എന്ന പേര് നല്‍കിയിരുന്നത്.
ഒസ്മാനാബാദ് റെയില്‍വേ സ്റ്റേഷന്റെ പേര് ധാരാശിവ് റെയില്‍വേ സ്റ്റേഷന്‍ എന്നാക്കി മാറ്റുന്നതിന്റെ പശ്ചാത്തലത്തില്‍ മേയ് 31ന് രാത്രി 11:45 മുതല്‍ ജൂണ്‍ 1 ന് പുലര്‍ച്ചെ 1:30 വരെ മുംബൈ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം (പിആര്‍എസ്) താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കും. സോളാപൂര്‍ ഡിവിഷനിലെ ഒസ്മാനാബാദ് സ്റ്റേഷന്റെ പേര് മാറ്റുന്നത് സംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ ഏപ്രില്‍ 25 ന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.സ്റ്റേഷന്റെ സംഖ്യാ കോഡ് (01527246) മാറ്റമില്ലാതെ തുടരും, സ്റ്റേഷന്‍ കോഡ് ഇനീഷ്യലുകള്‍ ഇപ്പോള്‍ ‘UMD’ ല്‍ നിന്ന് ‘DRSV’ ആയി അപ്‌ഡേറ്റ് ചെയ്യും. ധാരാശിവ് എന്ന പുതിയ പേര് മറാത്തി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ പ്രദര്‍ശിപ്പിക്കും.

