ചീമേനി പുലിയന്നൂര്‍ ജാനകിടീച്ചര്‍ വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. പുലിയന്നൂരിലെ റിട്ട. അധ്യാപികയായ ജാനകിയെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതി വിശാഖ്(32) മൂന്നാം പ്രതി അരുണ്‍കുമാര്‍(30) എന്നിവരെ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. രണ്ട് പ്രതികൾക്ക് ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 17 വർഷം കഠിന തടവിന് പുറമെ പ്രതികൾ ഒന്നേകാൽ ലക്ഷം രൂപ പിഴയും ഒടുക്കണം. രണ്ട് പ്രതികളും കേസില്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഗൂഢാലോചന, ഭവനഭേദനം, മോഷണം, വധശ്രമം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്. കേസിലെ രണ്ടാംപ്രതിയായിരുന്ന റിനീഷിനെ കോടതി വെറുതെവിടുകയും ചെയ്തു. തെളിവുകളുടെ അഭാവത്തിലാണ് കോടതി ഇയാളെ വെറുതെ വിട്ടത് ജാനകി ടീച്ചര്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളാണ് പ്രതികൾ. 2017 ഡിസംബര്‍ 13-നാണ് ചീമേനി പുലിയന്നൂരിലെ വീട്ടില്‍ മോഷണത്തിനിടെ ജാനകി കൊല്ലപ്പെട്ടത്. ജാനകിയെ കഴുത്തറുത്ത് കൊല്ലുകയും ഭര്‍ത്താവ് കെ. കൃഷ്ണനെ ഗുരുതരമായി പരിക്കേല്‍പ്പിച്ച് സ്വര്‍ണവും പണവും കവര്‍ന്നതാണ് കേസ്. ജാനകിയുടെ പഴയ രണ്ട് വിദ്യാര്‍ഥികളുള്‍പ്പെടുന്ന നാട്ടുകാരായ മൂന്നംഗ സംഘമായിരുന്നു കേസിലെ പ്രതികള്‍. ഒന്നാം പ്രതി വിശാഖും മൂന്നാം പ്രതി അരുണും ചേര്‍ന്ന് ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം 17 പവന്റെ ആഭരണവും 92,000 രൂപയും കവരുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് കെ. കൃഷ്ണനെയും പ്രതികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.
ജാനകി ടീച്ചര്‍ വധകേസ്;കഴുത്തറുത്ത് കൊന്നത് ശിഷ്യന്മാര്‍,പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ, പിഴ

