ജമ്മു കശ്മീരിലെ കശ്മീരി പണ്ഡിറ്റ് അധ്യാപികയെ തീവ്രവാദികള്‍ വെടിവെച്ച് കൊന്നു. തെക്കന്‍ കാശ്മീരിലെ കുല്‍ഗാം ജില്ലയിലെ ഗോപാല്‍പോറ മേഖലയിലെ കാശ്മീരി പണ്ഡിറ്റ് യുവതിയാണ് ഭീകരരുടെ ആക്രമണത്തില്‍ മരിച്ചത്. കശ്മീരി പണ്ഡിറ്റ് വിഭാഗത്തില്‍പ്പെട്ട രജനി ഭല്ല (36) ആണ് കൊല്ലപ്പെട്ടത്. കുല്‍ഗാമിലെ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ അധ്യാപികയായിരുന്നു ഇവര്‍.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ രജനിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.
മെയ് മാസത്തില്‍ മാത്രം കശ്മീര്‍ താഴ്വരയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ കശ്മീരി പണ്ഡിറ്റാണ് രജ്‌നി ബാല. കൊലപാതകത്തിന് പിന്നാലെ ഗോപാല്‍പുര മേഖല പൂര്‍ണമായും അടച്ചിട്ടിട്ടുണ്ട്. പ്രദേശത്ത് കനത്ത പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ടെന്നും ആക്രമണം നടത്തിയ തീവ്രവാദികളെ ഉടന്‍ പിടികൂടുമെന്ന് ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു.