തിരുവനന്തപുരം: ആഭ്യന്തര മന്ത്രി എന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു പറ്റിച്ചെന്ന് സിദ്ധാര്‍ഥന്റെ അച്ഛന്‍. പ്രതിയായ അക്ഷയ് എം.എം. മണിയുടെ ചിറകിനടിയിലാണെന്നും അച്ഛന്‍ പറഞ്ഞു. അക്ഷയിയെ എന്തിന് സംരക്ഷിക്കുന്നുവെന്ന് ചോദിച്ച സിദ്ധാര്‍ഥന്റെ അച്ഛന്‍, എല്ലാ വിഷയത്തിലും മുഖ്യമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. മകന് നീതി ലഭിക്കുന്നതിനായി ഏതറ്റംവരേയും പോകാന്‍ തയാറാണ്. ക്ലിഫ് ഹൗസിന് മുന്നില്‍ സമരം നടത്തും. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയെ പ്രതി ചേര്‍ത്ത് കേസെടുക്കണം. മര്‍ദനം ചിത്രീകരിച്ച പെണ്‍കുട്ടികളെ എന്തു കൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്നും സിദ്ധാര്‍ഥന്റെ അച്ഛന്‍ ചോദിച്ചു.
അതേസമയം, സിദ്ധാര്‍ഥനെ ക്രൂര റാഗിങ്ങിന് ഇരയാക്കിയ സംഭവത്തില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികളെ കുറ്റമുക്തരാക്കാന്‍ ഒത്താശ ചെയ്ത പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലറുടെ പ്രൈവറ്റ് സെക്രട്ടറിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. പ്രൈവറ്റ് സെക്രട്ടറി കെ. ഷീബയെയും മറ്റ് നാലു പേരെയുമാണ് വി.സി ഡോ. കെ.എസ്. അനില്‍ നീക്കിയത്. ഗുരുതരമായ കൃത്യവിലോപവും സ്വജനപക്ഷപാതവും നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.