ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയ നേതാവും മുന്‍ എം.എല്‍.എയുമായ മുഖ്താര്‍ അന്‍സാരിയുടെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അതേസമയം ജയിലില്‍വെച്ച് വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. അഞ്ച് ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമാണ് മൃതദേഹം വെള്ളിയാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തിയത്. ഹൃദയത്തില്‍ മഞ്ഞ അടയാളം കണ്ടതായും ഇത് രക്തം കട്ടപിടിച്ചതിന്റെ ലക്ഷണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജയില്‍ രേഖകള്‍ പ്രകാരം പറയുന്നത് ഇദ്ദേഹത്തിന് ഹൃദ്രോഗവും മറ്റു അസുഖങ്ങളുമുണ്ടെന്നാണ്. കൂടാതെ വിഷാദരോഗം, ത്വക്ക് അലര്‍ജി, പ്രമേഹം എന്നിവ ഉണ്ടായിരുന്നതായും പറയപ്പെടുന്നു.
കടുത്ത വയറുവേദനയും ഛര്‍ദിയുമായി മാര്‍ച്ച് 26നാണ് ഇദ്ദേഹത്തെ ബാന്ദയിലെ റാണി ദുര്‍ഗാവതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സക്കിടെ വ്യാഴാഴ്ച രാത്രി മരണത്തിന് കീഴടങ്ങുകയായിരുന്നു.