ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അത് രൂപീകരിച്ചവര്‍ ആണെന്ന് പൃഥ്വിരാജ് . പൃഥ്വിരാജിന്റെ പുതിയ ചിത്രം ജന ഗണ മനയോട് അനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം അഭിപ്രായം വെളിപ്പെടുത്തിയത്.ഹേമ കമ്മിറ്റി എന്തിനാണോ രൂപീകരിച്ചത് ആ ഉദ്ദേശ്യം നിറവേറ്റപ്പെടണം. സിനിമാ സെറ്റുകളില്‍ ജോലി സാഹചര്യം മെച്ചപ്പെടുമെങ്കില്‍ അത് വലിയ കാര്യമാണ് എന്നും പൃഥ്വിരാജ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്തുകൊണ്ട് പുറത്തുവിടുന്നില്ല അല്ലെങ്കില്‍ ആ അധികാരം ആരുടേതാണ് എന്ന് തനിക്ക് അറിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.‘ലൂസിഫർ’ ഷൂട്ട് ചെയ്യുന്നതിനിടെ കമ്മിറ്റി സെറ്റ് സന്ദർശിച്ച് കാര്യങ്ങൾ ചോദിച്ച് അറിഞ്ഞിരുന്നു. ഞാനും അവരോട് കാര്യങ്ങൾ സംസാരിച്ചിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു
പൃഥ്വിരാജിനെക്കൂടാതെ സുരാജ് വെഞ്ഞാറമ്മൂടും പ്രധാന കഥാപാത്രത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡിജോ ജോസ് ആന്റണിയാണ്.
സുപ്രിയ മേനോനും ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറുകളിലാണ് നിര്‍മാണം. ചിത്രം ഏപ്രില്‍ 28ന് തിയേറ്ററിലെത്തും.

