സിൽവർ ലൈൻ റെയിൽ പദ്ധതി അട്ടിമറിക്കാൻ ഇതര സംസ്ഥാനങ്ങളിലെ ഐടി കമ്പനികളിൽ നിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ 150 കോടിരൂപ കൈക്കൂലി നൽകിയെന്ന് പി.വി.അൻവറിന്റെ ആരോപണത്തിൽ മറുപടിയുമായി പ്രതിപക്ഷ നേതാവ്. ഞാൻ കരയണോ അതോ നിങ്ങളെ ഓർത്ത് ചിരിക്കണോ എന്നാണ് സതീശൻ അൻവറിനോട് ചോദിച്ചത്. ഈ ആരോപണം ഉന്നയിക്കാൻ അനുവദിച്ച മുഖ്യമന്ത്രിയോട് സഹതാപം തോന്നുന്നെന്നും അദ്ദേഹം പറഞ്ഞു.
സതീശന്റെ വാക്കുകൾ
‘‘ഇവിടെ ഒരു അഴിമതി ആരോപണം ഉന്നയിച്ചു എഴുതിത്തന്നിട്ട്. കെ–റെയിൽ വന്നിരുന്നെങ്കിൽ കേരളത്തിലെ ഐടി രംഗം ഭയങ്കരമായി കുതിച്ചുയരുമായിരുന്നു. അതോടുകൂടി ഹൈദരാബാദിലെയും ബെംഗളൂരുവിലെയും ഐടി ബിസിനസ് മുഴുവൻ തകർന്ന് തരിപ്പണമായിപ്പോകുമായിരുന്നു. കേരളത്തിൽനിന്ന് ഒരാളെപ്പോലും അവർക്ക് ജോലിക്ക് കിട്ടില്ല. 25 ലക്ഷം പേർ കേരളത്തിൽ തന്നെ ജോലിക്ക് കേറുമായിരുന്നു. ഇതെല്ലാം മനസ്സിലാക്കിയ ഐടി കമ്പനിക്കാർ പ്രതിപക്ഷ നേതാവിനെ പിടിക്കാമെന്ന് പ്ലാൻ ചെയ്തു. പ്രതിപക്ഷ നേതാവിന് ഒരു 150 കോടി രൂപ കൊടുത്തു. അത് ഫ്രീസ് ചെയ്ത മത്സ്യലോറിയിൽ ചാവക്കാട് എത്തിച്ചു. അത് വീണ്ടും ബെംഗളൂരുവിൽ എത്തിച്ചു. അത് പിന്നീട് എങ്ങോട്ട് പോയെന്ന് അറിയില്ല ഇതൊക്കെ കേട്ട് ഞാൻ ചിരിക്കണോ അതോ നിങ്ങളെ ഓർത്ത് കരയണോ?