യു ഡിഎഫിലെ നിർണായക സീറ്റ് വിഭജന ചർച്ച ഇന്ന് തിരുവനന്തപുരത്ത് നടക്കും. കോൺഗ്രസ് – മുസ്ലിം ലീഗ് നേതാക്കളുടെതാണ് ചർച്ച. കേരളാ കോൺഗ്രസ് ജോസഫ്, ആർ എസ് പി നേതൃത്വവുമായുള്ള ചർച്ചകൾ നേരത്തെ പൂർത്തിയായതോടെ ഒരാഴ്ചക്കുള്ളിൽ സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് യുഡിഎഫ് നേതൃത്വം ലക്ഷ്യമിടുന്നത്.
രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട് സീറ്റ് വേണമെന്ന് മുസ്ലിം ലീഗ്ആവശ്യപ്പെടും.കണ്ണൂർ, വടകര മണ്ഡലങ്ങളിലും ലീഗിന് കണ്ണുണ്ട്. നിലവിൽ സിറ്റിംഗ് സീറ്റുകൾ വിട്ടു നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. ലീഗ് കടുപ്പിച്ചാൽ ഹൈക്കമാൻഡ് ഇടപെടൽ ഉണ്ടാകും. മുന്നണിയിലെ പ്രധാന കക്ഷികളുമായുള്ള ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി.
മൂന്നാം സീറ്റിനായി മുസ്ലിം ലീഗ് അവകാശവാദം ഉന്നയിക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ ഉഭയകക്ഷി ചർച്ച നിർണായകമാണ്. മലബാറിൽ ഒരു സീറ്റ് കൂടി ആവശ്യപ്പെടാനാണ് ലീഗ് തീരുമാനം. മലപ്പുറം, പൊന്നാനി മണ്ഡലങ്ങൾക്ക് പുറമെയാണ് മറ്റൊരു സീറ്റിനായി ലീഗ് അവകാശവാദം ഉന്നയിക്കുന്നത്.