ദില്ലി: നയപ്രഖ്യാപന പ്രസംഗത്തിൽ വിമർശനവുമായി ശശി തരൂർ എംപി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനം തെരഞ്ഞെടുപ്പ് പ്രസംഗം പോലെയെന്നാണ് ശശി തരൂരിന്റെ വിമർശനം. സർക്കാർ ചെയ്ത എല്ലാത്തിനെയും പുകഴ്ത്തുകയാണ് നയപ്രഖ്യാപനത്തിൽ ചെയ്തത്. തിരിച്ചടി നേരിട്ട രംഗങ്ങൾ ഒഴിവാക്കിയെന്നും തരൂർ വിമർശിച്ചു. ബിജെപി അടുത്ത തെരഞ്ഞെടുപ്പിലെ പ്രചരണത്തിനായി തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത രാഷ്ട്രപതിയെ ഉപയോഗിക്കുന്നെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.
കഴിഞ്ഞ 9 വർഷത്തെ കേന്ദ്ര സർക്കാരിൻറെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു രാഷ്ട്രപതി ദ്രൗപദി മുർമുവിൻറെ പ്രസംഗം. ഇന്ത്യയിലേത് ഭയമില്ലാത്ത നിശ്ചയ ദാർഢ്യമുള്ള സർക്കാരാണെന്നും രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. ലോകത്തിന് മുൻപിൽ ഇന്ത്യയുടെ പ്രതിച്ഛായ മാറിയെന്ന് ദ്രൗപതി മുർമു അവകാശപ്പെട്ടു. കശ്മീരിലെ പ്രത്യേക അധികാരം റദ്ദാക്കിയതും മുത്തലാഖും പരാമർശിച്ച രാഷ്ട്രപതി സൗജന്യങ്ങൾക്കെതിരെ പരോക്ഷ മുന്നറിയിപ്പും നൽകി. ഇന്ത്യയിലെ ജനങ്ങളുടെ ആത്മവിശ്വാസം ഉയരത്തിലെന്ന് പറഞ്ഞ രാഷ്ട്രപതി, 2047ൽ സ്വയം പര്യാപത ഇന്ത്യ പണിതുയർത്തുകയാണ് ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു.
അനുച്ഛേദം 370 റദ്ദാക്കുന്നത് പോലുള്ള വലിയ തീരുമാനങ്ങൾ സർക്കാർ എടുത്തു. അതിർത്തിയിൽ ഇന്ത്യ സുശക്തമായ നിലയാണെന്നും മവോയിസ്റ്റ് ഭീഷണിയുള്ള മേഖലകൾ കുറഞ്ഞെന്നും രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. ദേശീയ താൽപ്പര്യം മുൻ നിർത്തിയുള്ള തീരുമാനങ്ങളാണ് സർക്കാർ എടുക്കുന്നത്. അഴിമതി മുക്തമായ രാജ്യത്തിനായി സർക്കാർ പോരാടുകയാണ്. സൗജന്യ വാഗ്ദാനങ്ങളെ പരോക്ഷമായി വിമർശിച്ച രാഷ്ടപ്രതി എളുപ്പവഴി രാഷ്ട്രീയം വേണ്ടെന്നും നിർദ്ദേശിച്ചു. രാമക്ഷേത്ര നിർമാണം, കർതവ്യ പഥ് പാർലമെൻറ് നിർമാണം എന്നിവയും രാഷ്ട്രപതി പരാമർശിച്ചു. സാർക്കാരിൻറെേത് ജനദ്രോഹ നടപടികളികളെന്ന് ആരോപിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ആംആദ്മിപാർട്ടിയും, ബിആർഎസു ബഹിഷ്കരിച്ചു