മീഡിയവൺ ചാനലിന്റെ സംപ്രേക്ഷണം വീണ്ടും തടഞ്ഞ കേന്ദ്ര സർക്കാർ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് . മതിയായ കാരണങ്ങൾ പറയാതെയാണ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മീഡിയവണിന്റെ സംപ്രേക്ഷണം തടഞ്ഞത്. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണ്. എന്ത് കാരണത്താൽ സംപ്രേക്ഷണം തടഞ്ഞു എന്നത് വ്യക്തമാക്കാനുള്ള ബാധ്യത കേന്ദ്ര സർക്കാരിനുണ്ട്. അപ്രിയമായ വാർത്തകളോട് അസഹിഷ്ണുത കാട്ടുന്ന സംഘപരിവാർ നയമാണ് മീഡിയവണിന്റെ പ്രക്ഷേപണം തടയുന്നതിലൂടെ കേന്ദ്ര സർക്കാർ നടപ്പാകുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട്.