സിപിഐ സസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ മുന്‍ മന്ത്രി കെ.ടി ജലീലിന്റെ വിമര്‍ശനത്തില്‍ പ്രതികരണവുമായി രംഗത്തെത്തി . ജലീല്‍ ഒരു വ്യക്തി മാത്രമാണെന്നും ഒരു പ്രസ്ഥാനമല്ലെന്നും ജലീല്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നാന്നും കാനം പ്രതികരിച്ചു.
ഈ വിഷയം സിപിഐ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അതുകൊണ്ടാണ് തന്നെ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ പണത്തിന് വേണ്ടി എന്തും പറയുന്ന ആളാണെന്ന് ഒരു അര്‍ധ ജുഡീഷ്യറി സംവിധാനത്തിന്റെ തലപ്പത്തിരിക്കുന്ന ആളെക്കുറിച്ച് പറയുന്നത് ശരിയാണോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അതിനെതിരെ നടപടി സ്വീകരിക്കാനുള്ള അവകാശവും അധികാരവും ലോകായുക്തയ്ക്ക് ഉണ്ടെന്നും കാനം പറഞ്ഞു.
ജലീലിന്റേത് വ്യക്തിപരമായ അഭിപ്രായ പ്രകടനമാണെന്ന നിലപാട് തന്നെയാണ് നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷ്ണനും സ്വീകരിച്ചത്. ജലീലിന്റെ നിലപാട് ഏറ്റെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ച സിപിഎം പക്ഷേ സഹയാത്രികനെ പൂര്‍ണമായും തള്ളിയില്ല. ലോകായുക്ത നിയമത്തിലെ ഭേദഗതിക്ക് ജലീലിന്റെ അഭിപ്രായവുമായി ബന്ധമില്ലെന്നും നിയമത്തില്‍ പഴുതുള്ളതിനാലാണ് ഭേദഗതിയെന്നുമാണ് കോടിയേരി പ്രതികരിച്ചത്.