പത്തനംതിട്ട: പെരുമ്പാമ്പിനെ ചാക്കില്‍ കെട്ടി പഞ്ചായത്ത് മെമ്പറുടെ വീട്ടുമുറ്റത്തു എറിഞ്ഞതായി പരാതി. പത്തനംതിട്ട ചെന്നീര്‍ക്കര ആറാം വാര്‍ഡ് മെമ്പര്‍ ബിന്ദു ടി ചാക്കോയാണ് ഇലവുതിട്ട പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിയോടെ പ്രദേശത്ത് പെരുമ്പാമ്പിനെ കണ്ടുവെന്നും വനം വകുപ്പിനെ അറിയിക്കണമെന്നും നാട്ടുകാരില്‍ ചിലര്‍ മെമ്പറിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ വനപാലകര്‍ എത്താന്‍ വൈകിയതോടെ പെരുമ്പാമ്പിനെ പിടികൂടി ഒരു സംഘം ചാക്കില്‍ കെട്ടി മെമ്പറുടെ വീട്ടുമുറ്റത്ത് തള്ളുകയായിരുന്നു. സംഭവസമയം മെമ്പറും പ്രായമായ മാതാവുമുള്‍പ്പെടെ വീട്ടില്‍ ഉണ്ടായിരുന്നു. ആകെ ഭയന്നു പോയെന്നും പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
പെരുമ്പാമ്പിനെ കണ്ട സമയത്ത് മെമ്പര്‍ വനപാലകരെ വിളിച്ചെങ്കിലും അവര്‍ എത്താന്‍ വൈകിയതോടെയാണ് ഇത്തരമൊരു നീക്കത്തിന് പിന്നില്‍ എന്നാണ് പൊലീസ് നിഗമനം. എന്നാല്‍ വിവരം കിട്ടിയ ഉടന്‍ വനപാലകരെ അറിയിച്ചിരുന്നു എന്നും അവര്‍ 12.20 ഓടെ സംഭവ സ്ഥലത്തെത്തിയിരുന്നെന്നും മെമ്പര്‍ പറഞ്ഞു.