കൊച്ചി : ഇ പി ജയരാജനെതിരായ ആരോപണങ്ങൾ ഗുരുതരമെന്ന് കോൺഗ്രസ് നേതാവ് എം എം ഹസ്സൻ. ഹൈക്കോടതി നിരീക്ഷണത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നും എം എം ഹസ്സൻ കൊച്ചിയിൽ ആവശ്യപ്പെട്ടു. ജനുവരി നാലിന് വൈകീട്ട് എല്ലാ പഞ്ചായത്തിലും പന്തം കൊളുത്തി പ്രതിഷേധം നടത്തും. ജനുവരി 10 ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്നും എം എം ഹസ്സൻ വ്യക്തമാക്കി.
ബഫർ സോൺ വിഷയത്തിൽ വിധി വന്നു ആറ് മാസം കഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ കാര്യങ്ങൾ കൃത്യമായി സർവ്വേ നടത്തി രേഖകൾ ഹാജരാക്കി സുപ്രീം കോടതി മുൻപാകെ അവതരിപ്പിച്ച് ഇളവ് നേടി എടുത്തു. ഉപഗ്രഹം സർവ്വേ പ്രായോഗികം അല്ലെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞതാണ്. ഫീൽഡ് സർവ്വേ വേണമെന്ന ആവശ്യം സർക്കാർ തള്ളിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
ജനുവരി അഞ്ച് മുതൽ ജനുവരി 15 വരെ കർഷക സംഗമം, പ്രതിഷേധ യോഗങ്ങൾ എന്നിവ പഞ്ചായത്ത് തലത്തിൽ നടത്തും. കുമളിയിൽ നിന്ന് അടിമാലിയിലേക്ക് കാൽ നട യാത്ര ഡീൻ കുര്യാക്കോസ് എം പി നേതൃത്വം കൊടുക്കുമെന്നും എം എം ഹസ്സൻ വ്യക്തമാക്കി. ഇടുക്കി ജില്ലയെ ബഫർ സോൺ കെണിയിൽ നിന്ന് മുക്തമാക്കുക എന്നതാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.