സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിന്റെ കേസില്‍ എം ശിവശങ്കര്‍ നല്കിയ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം സാമ്പത്തിക കുറ്റവിചാരണാ കോടതിയാണ് അപേക്ഷ തള്ളിയത്. കള്ളക്കടത്തില്‍ ശിവശങ്കറിന് പ്രഥമദൃഷ്ട്യാ പങ്കുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണത്തിന്മേലാണ് ജാമ്യാപേക്ഷ തള്ളിയത്.
ശിവശങ്കറിനെതിരെ ശക്തമായ മൊഴികളാണ് കൂട്ടുപ്രതികളുടെ ഭാഗത്തു നിന്നും ഉള്ളത്. കുറ്റകൃത്യത്തില്‍ ഉന്നത വ്യക്തികള്‍ക്ക് പങ്കുണ്ടെന്ന് മൊഴികളില്‍ വ്യക്തമാണ്. പ്രതികളുടെ രഹസ്യമൊഴിയിലും ഉന്നത വ്യക്തികളുടെ സ്വാധീനം വെളിവാകുന്നുണ്ട്. മറ്റു പ്രതികളുടെ മൊഴി മാത്രമാണ് തനിക്കെതിരെയുള്ളതെന്ന ശിവശങ്കറിന്റെ വാദം നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് വ്യക്തമാണെന്നും കോടതി ഉത്തരവിലുണ്ട്.
അതേസമയം കള്ളക്കടത്തില്‍ തനിക്ക് പങ്കില്ലെന്നും ഇക്കാര്യത്തില്‍ കസ്റ്റംസിന് യാതൊരു തെളിവും ഹാജരാക്കാന്‍ ആയില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം. തനിക്കെതിരെ കേസിലെ ഒരു സാക്ഷിയുടെ മൊഴി മാത്രമാണുള്ളതെന്നും ശിവശങ്കര്‍ വാദിക്കുന്നു.
എന്നാല്‍ കള്ളക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് ശിവശങ്കറെന്നും ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് പറയുന്നു. യുഎഇയുമായുള്ള ബന്ധത്തെ പോലും ബാധിച്ച കേസാണിതെന്നും ശിവശങ്കറിന് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നുമായിരുന്നു കസ്റ്റംസ് വാദം.