ആലുവ: ഡ്രൈവിങ് ടെസ്റ്റിനിടെ മൊബൈല്‍ ഫോണിലൂടെ നിര്‍ദേശങ്ങള്‍ നല്കി പരീക്ഷാര്‍ഥികളെ എച്ച് കടമ്പ കടക്കാന്‍ സഹായിച്ച ഏലൂര്‍ ഉദ്യോഗമണ്ഡല്‍ ഡ്രൈവിങ് സ്കൂളിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.
ശിഷ്യര്‍ കാറില്‍ ടെസ്റ്റിന് ഗ്രൌണ്ടില് എത്തുമ്പോള്‍ ആശാന് പുറത്ത് കാത്ത് നില്ക്കും. എച്ചിന് അതിരായി വച്ചിട്ടുള്ള കമ്പികളില്‍ തട്ടാതെ തിരിക്കാനും വളയ്ക്കാനും ആശാന് പറയും. ഉദ്യോഗാര്‍ത്ഥി അക്ഷരം പ്രതി അനുസരിക്കും കൂളായി പരീക്ഷ പാസാവും. ഡ്രൈവിംഗ് സ്കൂളില്‍ നിന്നുള്ളവര്‍ സ്ഥിരമായി എല്ലാവരും ടെസ്റ്റ് പാസാകാന്‍ തുടങ്ങിയതോടെയാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ നിരീക്ഷണം ശക്തമാക്കിയപ്പോഴാണ് സ്കൂളിലെ ഇന്‍സ്ട്രക്ടര്‍ സമീപത്തു മാറി നിന്ന് ഫോണില്‍ നിര്‍ദേശം നല്‍കുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് ഡ്രൈവിംഗ് സ്കൂളിന്റെ ലൈസന്‍സ് റദ്ദാക്കി. ആലുവ ജോയിന്റ് ആര്‍ടിഒ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈംവിഗ് സ്കൂളിന്റെ ലൈസന്‍സ് റദ്ദാക്കിയത്. മൂന്ന് മാസത്തേക്കാണ് റദ്ദാക്കല്‍. ജനുവരി മാസം മുതലാണ് ലൈസന്‍സ് സസ്പെന്ഷന് പ്രാബല്യത്തിലാവുക.

