കൊല്ലം: ഓയൂരിലെ ആറുവയസുകാരിയെ തട്ടികൊണ്ടുപോകാന്‍ ഉപയോഗിച്ച കാറിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. 24ാം തീയതിയിലെ ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചിരിക്കുന്നത്. 27നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്നത്. തട്ടിക്കൊണ്ടു പോകലിന് മൂന്ന് ദിവസം മുമ്പും സമാനപാതയിലൂടെ സംഘം യാത്ര ചെയ്തു. കൊല്ലം പള്ളിക്കല്‍ മൂതലയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് 24 ന് ലഭിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.31 നാണ് വെള്ള സ്വിഫ്റ്റ് കാര്‍ കടന്നുപോയത്. പാരിപ്പള്ളിയില്‍ നിന്നും ചടയമംഗലം ഭാഗത്തേക്കായിരുന്നു യാത്ര.
അതേസമയം കൊല്ലം ഓയൂരിലെ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസില്‍ പൊലീസ് അന്വേഷണം പ്രതിസന്ധിയിലാണ്. പ്രത്യേക അന്വേഷണം സംഘം വിപുലീകരിച്ചിട്ടും ഒരു തുമ്പും ലഭിച്ചില്ല. പ്രതികള്‍ വാഹനത്തില്‍ പോയ കൂടുതല്‍ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് സംഘം ശേഖരിച്ചു. ഇതിനിടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ തുടരുന്ന ആറുവയസുകാരി ഇന്ന് വീട്ടിലേക്ക് മടങ്ങും.

