മുല്ലപ്പെരിയാറിലെ ജലനിരപ്പ് പരമാവാധി സംഭരണ ശേഷിയായ 142 അടിയിലെത്തിയതോടെ തമിഴ്നാട്
മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറന്നത് നദിയിൽ ജല നിരപ്പ് ഉയരാൻ കാരണമായി . നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ മഞ്ചുമല ആറ്റോരം മേഖലയിലെ നിരവധി വീടുകളില്‍ വെള്ളം കയറി. മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറന്നതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ രംഗത്തുവന്നു. വീടുകളില്‍ വെളളം കയറിയതോടെ ആളുകള്‍ ബന്ധുവീടുകളിലേക്ക് മാറി താമസിച്ചു.
ഇന്നലെ രാത്രി 2.30ഓടെയാണ് ശക്തമായ മഴയെ തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടിയില്‍ എത്തിയത്. തുടര്‍ന്ന് 3 മണിയോടെ ഒരു ഷട്ടര്‍ ഉയര്‍ത്തുകയും പിന്നീട് ഘട്ടം ഘട്ടമായി 8 ഷട്ടറുകള്‍ ഉയര്‍ത്തുകയായിരുന്നു. നീരൊഴുക്കില്‍ അല്‍പ്പം കുറവുണ്ടായതോടെ രണ്ട് ഷട്ടറുകള്‍ തമിഴ്നാട് താഴ്ത്തുകയും ചെയ്തു.
വെള്ളം പുറത്തേക്ക് ഒഴുക്കുന്നത് കൂടാതെ സെക്കന്‍ഡില്‍ 2300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടു പോകുന്നുമുണ്ട്. ഷട്ടര്‍ തുറന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുന്നതിനും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും വേണ്ടി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.