കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ ഉടന്‍ നടപടി വേണ്ടെന്ന് സിപിഎം തീരുമാനം. രാവിലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ദിവ്യയുടെ അറസ്റ്റ് ചര്‍ച്ചയായെങ്കിലും ഏതെങ്കിലും രീതിയിലുള്ള സംഘടനാപരമായ നടപടി വേണ്ട എന്നാണ് തീരുമാനിച്ചത്.
നിലവില്‍ നിയമപരമായ കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുന്നുണ്ട്. നിയമനടപടികള്‍ക്കിടെ ഉടന്‍ സംഘടനാ നടപടി ആവശ്യമില്ലെന്ന് യോഗം വിലയിരുത്തി. ഉപതെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ ശേഷം ജില്ലാ നേതൃയോഗം വിളിച്ച് സംസ്ഥാന സെക്രട്ടറി അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമാണ് ദിവ്യ.