
മതഘോഷയാത്രയ്ക്കിടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ നിര്‍ദേശിച്ചതിന് ഛത്തീസ്ഗഡ് റായ്പുരില്‍ പൊലീസ് സ്റ്റേഷനു നേരെയുണ്ടായ കല്ലേറില്‍ ഒരു വനിതാ ഉദ്യോഗസ്ഥ അടക്കം രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്. ബിലാസ്പുരിലെ കോട്ട്വാലി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒക്ടോബര്‍ 27നാണ് സംഭവം. വിജയദശമി ചടങ്ങുകളോടനുബന്ധിച്ച് ദുര്‍ഗാദേവിയുടെ പ്രതിമകള്‍ നിമഞ്ജനം ചെയ്യുന്നതിനായി ദുര്‍ഗോത്സവ് കമ്മിറ്റിയുടെ അടിസ്ഥാനത്തില്‍ ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. ആളുകള്‍ ഒത്തുകൂടിയ ചടങ്ങില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പൊലീസുകാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം.
ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ രണ്ടിലധികം സമിതികളുടെ നേതൃത്വത്തില്‍ വലിയ ഘോഷയാത്ര നടന്നിരുന്നു. ഡിജെ മ്യൂസിക്കും നൃത്തവുമൊക്കെയായി വലിയ ബഹളത്തോടെയായിരുന്നു യാത്ര. കോവിഡ് പ്രതിരോധത്തിന്റെല ഭാഗമായി വിഗ്രഹ നിമഞ്ജന ചടങ്ങുകള്‍ക്കും ഘോഷയാത്രകള്‍ക്കും ഡിജെ സംഗീതത്തിനും ഒക്കെ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതെല്ലാം അവഗണിച്ച് നടന്ന ഘോഷയാത്ര പൊലീസ് സ്റ്റേഷന് സമീപമെത്തിയപ്പോള്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു എന്നാണ് എസ് പി പ്രശാന്ത് അഗര്‍വാള്‍ പറയുന്നത്.
ഭരണകൂടത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടി കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാനും ഘോഷയാത്രയില്‍ ഒച്ചത്തിലുള്ള സംഗീതം ഒഴിവാക്കാനും പൊലീസ് സമിതിക്കാരോട് നിര്‍ദേശിച്ചിരുന്നു. അവര്‍ അത് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ കൂട്ടത്തില്‍ മദ്യലഹരിയിലായിരുന്ന ചിലര്‍ പൊലീസുമായി പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി എന്നാണ് എസ് പി പറയുന്നത്. കുറച്ചു കഴിഞ്ഞപ്പോള്‍ ഇവര്‍ക്കൊപ്പം കൂടുതല്‍ ആളുകളും സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടി എന്നിട്ട് കല്ലുകള്‍ വലിച്ചെറിയുകയായിരുന്നു. ഒരു വനിതാ ഉദ്യോഗസ്ഥ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് അതിക്രമത്തില്‍ പരിക്കേറ്റു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ കൂടുതല്‍ പൊലീസ് എത്തേണ്ടി വന്നുവെന്നും എസ് പി പറയുന്നു.
സ്റ്റേഷന് നേരെ കല്ലെറിഞ്ഞ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെ ആറ് പേരെ പൊലീസ് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആള്‍ക്കൂട്ടത്തിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി എന്നതടക്കം ആരോപണങ്ങള്‍ ഉയരുന്നുണ്ടെങ്കിലും എസ് പി ഇതെല്ലാം നിഷേധിച്ചിട്ടുണ്ട്.

