കോഴിക്കോട്: കേന്ദ്ര സർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് സംശയാസ്പദമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ലീഗ് നേതാക്കൾക്ക് നിരോധനത്തെക്കുറിച്ച് ഭിന്നാഭിപ്രായമില്ല. നിരോധനം വന്നയുടൻ പല നേതാക്കളും പ്രതികരിച്ചിരുന്നു. എന്നാൽ കാര്യങ്ങൾ വിലയിരുത്തിയതിന് ശേഷം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പിഎംഎ സലാം പറഞ്ഞു.
നിയമം എന്ന നിലയിൽ നടപടിയെ അംഗീകരിക്കുന്നുണ്ടെന്നും പിഎഫ്‌ഐയുടെ ആശയങ്ങൾ ജനാധിപത്യ രാജ്യത്തിന് ചേർന്നതല്ലെന്നും സലാം അഭിപ്രായപ്പെട്ടു. പോപ്പുലർ ഫ്രണ്ടിന്റേതിനെ പോലെ വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്ന ആർഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. ഈ സംഘടനകൾക്ക് നേരെ നടപടിയെടുക്കാതെ പോപ്പുലർ ഫ്രണ്ടിനെ മാത്രം നിരോധിക്കുന്നത് ഏകപക്ഷീയമായി നിരോധിച്ചതിൽ സംശയകരമായ പലതുമുണ്ടെന്ന് സലാം പറഞ്ഞു.
പിഎഫ്‌ഐയെ മുസ്ലീം ലീഗ് തുടക്കം മുതലെ എതിർത്തിരുന്നു. ലീഗിന് തീവ്രത പോരെന്നായിരുന്നു പലരും ഉയർത്തിയ വിമർശനം. സമൂഹത്തിൽ പിഎഫ്‌ഐയെ കുറിച്ച് മുന്നറിയിപ്പ് നൽകാൻ ലീഗ് ശ്രമിച്ച് കൊണ്ടിരിക്കെ പുറകിലൂടെ അവരുമായി കൈകോർത്തത് മറ്റു ചിലരാണ്. പലയിടത്തും ഒരുമിച്ച് ഭരിക്കുന്നുണ്ട്. എതിർപ്പുകൾക്ക് ജനാധിപത്യപരമായ മാർഗങ്ങളുണ്ടെന്ന് തന്നെയാണ് ലീഗ് വിശ്വസിക്കുന്നതെന്നും പിഎംഎ സലാം പറഞ്ഞു.

