പാലക്കാട്: അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിൽ എച്ച്ആർഡിഎസിന്റെ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്. പാലക്കാട്, തൊടുപുഴ, കണ്ണൂർ ഓഫീസുകളിലാണ് റെയ്ഡ്. തിരുവനന്തപുരത്തു നിന്നുള്ള പ്രത്യേക വിജിലൻസ് സംഘമാണ് റെയ്ഡ് നടത്തുന്നത്. എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ വ്യാജ കരാറുണ്ടാക്കി കോടികൾ തട്ടാൻ ശ്രമിച്ചെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.
തുർക്കിയിലെ എവിജെ ഇൻസാറ്റ് മെഡിക്കൽ ടൂറിസം സനായി വി ടിക്കാറെറ്റ് ലിമിറ്റഡ് കമ്പനിയുമായി എച്ച്ആർഡിഎസ് ആക്രി വ്യാപാരത്തിന് ധാരണയായി എന്ന് കാണിച്ചുള്ള കരാർ തയ്യാറാക്കി തട്ടിപ്പ് നടത്താൻ ശ്രമിച്ചു എന്നാണ് ആരോപണം. ഈ വ്യാജ കരാർ കാണിച്ച് നിരവധി പേരിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്തതായാണ് വിവരങ്ങൾ. പട്ടാമ്പി സ്വദേശിയിൽ നിന്ന് 50 ലക്ഷം രൂപയാണ് അജികൃഷ്ണൻ വ്യാജ കരാർ കാണിച്ച് തട്ടിയെടുത്തത്.
ആദിവാസി വിഭാഗത്തിൽപ്പെട്ടവരുടെ കുടിലുകളിൽ അതിക്രമിച്ച കയറി തീവെച്ച് നശിപ്പിച്ചുവെന്ന കേസിൽ എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനും ചീഫ് കോർഡിനേറ്റർ ജോയ് മാത്യൂവും നേരത്തെ അറസ്റ്റിലായിരുന്നു. പട്ടിക ജാതി- പട്ടിക വർഗ ആക്രമണ നിരോധന നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. കാട്ടിൽ കഴിയേണ്ട തൊട്ടുകൂടാൻ പറ്റാത്ത വൃത്തികെട്ട ജീവികളാണ് ആദിവാസികളെന്ന് ആധിക്ഷേപിച്ചുവെന്നും പരാതിയിലുണ്ട്. പരാതിക്കാരനേയും ബന്ധുക്കളേയും തല്ലുകയും നികൃഷ്ടജീവികളെന്ന് വിളിച്ചുവെന്നും എഫ്‌ഐആറിൽ പറയുന്നു.