കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിപിൻവലിച്ച് അവതാരക. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഉൾപ്പെടെ നിരവധി ഇടങ്ങളിൽ നടൻ മാപ്പ് പറഞ്ഞ പശ്ചാത്തലത്തിലാണ് പരാതി പിൻവലിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ അഭിനയ ജീവിതം തകർക്കണമെന്നില്ല. ഇനി ആരോടും ആവർത്തിക്കില്ലെന്ന് ഭാസി ഉറപ്പ് നൽകിയിട്ടുണ്ട്. പരാതി പിൻവലിക്കാൻ സമ്മർദ്ദമില്ലെന്നും പരാതിക്കാരി പറഞ്ഞു.
സിനിമയുടെ പ്രമോഷൻ അഭിമുഖത്തിന് എത്തിയ അവതാരകയോട് ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞു എന്നായിരുന്നു പരാതി. നടന്റെ പുതിയ ചിത്രം ചട്ടമ്പിയുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമായിരുന്നു അവതാരകയുടെ പരാതി.
അവതാരകയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കൽ), ഐപിസി 354(ലൈംഗിക ചുവയോടെ സംസാരിക്കൽ), 294 ബി എന്നീ മൂന്ന് വകുപ്പുകൾ ചുമത്തിയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് നടനെ, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാഥ് ഭാസിയെ സിനിമകളിൽ നിന്ന് മാറ്റിനിർത്താൻ സിനിമാ നിർമാതാക്കളുടെ സംഘടന തീരുമാനിച്ചിരുന്നു. നിലവിൽ ബാക്കിയുള്ള ഡബ്ബിങ്ങും ഷൂട്ടിങ്ങും തീർക്കാൻ അനുവദിക്കും. അതിനു ശേഷം സിനിമകളിൽ അഭിനയിപ്പിക്കില്ല. നാലു ഡബ്ബിങ്ങുകളും ഒരു സിനിമ ഷൂട്ടിങ്ങും പൂർത്തിയാക്കാൻ അനുവദിക്കും. കരാറിൽ നിന്നും കൂടുതൽ വാങ്ങിയ തുക ശ്രീനാഥ് ഭാസി തിരിച്ചു നൽകും എന്നീ തീരുമാനങ്ങളായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനിച്ചത്.
അവതാരകയോട് മോശമായി പെരുമാറിയതിൽ ശ്രീനാഥ് ഭാസി തെറ്റ് സമ്മതിക്കുകയും പരാതിക്കാരിയോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.