രാജധാനി എക്‌സ്പ്രസില്‍ പെരുമ്പാമ്പുകളെ കടത്തിയ സംഭവത്തിൽ എ ടു കോച്ച് ബെഡ് റോള്‍ കരാര്‍ ജീവനക്കാരന്‍ കമല്‍കാന്ത് ശര്‍മ(40)യെ റെയില്‍വേ സുരക്ഷാസേന പിടികൂടി.നാല് പാമ്പുകളെ പ്ലാസ്റ്റിക് ബാഗിലാക്കിയാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.വാങ്ങാനായി എത്തിയ ആളും പിടിയിലായിട്ടുണ്ട്. ഇയാളെയും പാമ്പുകളെയും കോഴിക്കോട് ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറി.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാമ്പുകളെ കൈമാറുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്‌സപ്രസില്‍ (12432) ആയിരുന്നു സംഭവം. വണ്ടി കണ്ണൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ എ ടു കോച്ചില്‍നിന്ന് പുറത്തുവന്ന കമല്‍കാന്ത് ശര്‍മ ഒരു പ്ലാസ്റ്റിക് പെട്ടി കൈമാറി. ഇത് വണ്ടിയിലെ എസ്‌കോര്‍ട്ടിങ് എ.എസ്.ഐ. കെ.ശശിയും സംഘവും ശ്രദ്ധിക്കുന്നതുകണ്ട് വാങ്ങാന്‍ വന്നയാള്‍ കടന്നുകളഞ്ഞു. സംശയം തോന്നിയ സംഘം പെട്ടി തുറന്നപ്പോഴാണ് വ്യത്യസ്ത നിറമുള്ള പെരുമ്പാമ്പുകളെ കണ്ടത്.ഇവയ്ക്ക് മൂന്നുലക്ഷംരൂപ വിലയുണ്ടെന്നാണ് വാങ്ങാനെത്തിയ ആള്‍ അറിയിച്ചത്. നിയമവിരുദ്ധമായാണ് പാമ്പുകളെ കടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.
വസായി റോഡ് സ്റ്റേഷനില്‍നിന്ന് പേരും വിവരങ്ങളും അറിയാത്ത ഒരാള്‍ ഏല്‍പ്പിച്ചതാണെന്നും അര്‍ബുദചികിത്സയ്ക്കുള്ള മരുന്നാണെന്നും വാങ്ങാന്‍ കണ്ണൂര്‍ സ്റ്റേഷനില്‍ ആള്‍ എത്തുമെന്നുമാണ് പറഞ്ഞതെന്നും കമല്‍കാന്ത് ശര്‍മ ആര്‍.പി.എഫിനെ അറിയിച്ചു. ഓടിരക്ഷപ്പെട്ടയാളെ ആര്‍.പി.എഫ്. നിര്‍ദേശിച്ചതുപ്രകാരം കമല്‍കാന്ത് ഫോണില്‍ വിളിച്ച് കോഴിക്കോട്ട് വന്നാല്‍ സാധനം കൈമാറാമെന്ന് പറഞ്ഞു. കോഴിക്കോട്ടെത്തിയപ്പോള്‍ ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടര്‍ ഉപേന്ദ്രകുമാറും സംഘവും അയാളെയും പിടിച്ചു.