കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ എം.പി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാള്‍ സ്ഥാനാര്‍ഥിയായാല്‍ അദ്ദേഹത്തിനെതിരെ ജി 23 സംഘത്തിന്റെ പ്രതിനിധിയായി ശശി തരൂര്‍ മത്സരിച്ചേക്കുമെന്നാണ് അറിയുന്നത്. തരൂരിനു സമ്മതമല്ലെങ്കില്‍ മനീഷ് തിവാരി മത്സരിക്കണമെന്നാണു സംഘത്തിലെ ധാരണ. രാഹുല്‍ ഗാന്ധിയാണു മത്സരിക്കുന്നതെങ്കിലും തിവാരി രംഗത്തിറങ്ങിയേക്കും. ഇതില്‍ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും സംഘാംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ച സജീവമാണ്.
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടപടികള്‍ നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ആരോഗ്യപരമായ മാര്‍ഗമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ഒരു മാധ്യമത്തിലെഴുതിയ ലേഖനത്തിലെ പരാമര്‍ശം. പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രമല്ല, കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലെ മറ്റു സ്ഥാനങ്ങളിലേക്കും പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളോട് ഇതുവരെ ശശി തരൂര്‍ പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് തരൂരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17നാണു നിശ്ചയിച്ചിരിക്കുന്നത്. ഒരു സ്ഥാനാര്‍ഥി മാത്രമാണുള്ളതെങ്കില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതിയായ ഒക്ടോബര്‍ എട്ടിനു തന്നെ വിജയിയെ പ്രഖ്യാപിക്കും. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.