ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലെ മൂന്നാം സ്ഥാനം കരസ്ഥമാക്കി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. ഇതാദ്യമായാണ് ബ്ലുംബര്‍ഗ് കോടീശ്വര പട്ടികയില്‍ ഒരു ഏഷ്യക്കാരന്‍ മൂന്നാം സ്ഥാനത്തെത്തുന്നത്. ഇലോണ്‍ മസ്‌ക്, ജെഫ് ബെസോസ് എന്നിവര്‍ മാത്രമാണ് ഇനി അദാനിക്ക് മുന്നിലുള്ളത്. ഇലോണ്‍ മസ്‌കിന്റെ ആസ്തി 251 ബില്യന്‍ ഡോളറാണ്. ജെഫ് ബെസോസിന്റേത് 153 ബില്യന്‍ ഡോളറും.
ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ പിന്തള്ളിയാണ് അറുപതുകാരനായ ഗൗതം അദാനിയുടെ നേട്ടം. 10,97,310 കോടി രൂപ (137.40 ബില്യണ്‍ ഡോളര്‍) ആണ് ഗൗതം അദാനിയുടെ ആസ്തി. പട്ടികയില്‍ മുകേഷ് അംബാനി പതിനൊന്നാമതാണ്. കഴിഞ്ഞ മാസമാണ് ബില്‍ഗേറ്റ്സിനെ പിന്നിലാക്കി ഗൗതം അദാനി നാലാമതെത്തിയത്. 2022ല്‍ മാത്രം അദാനിയുടെ സമ്പത്തില്‍ 60.9 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണുണ്ടായത്. ഏഷ്യയിലെ ഏറ്റവും സമ്പന്നനായിരുന്ന മുകേഷ് അംബാനിയെ ഫെബ്രുവരിയില്‍ മറികടന്നിരുന്നു. മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ ബില്‍ ഗേറ്റ്സിനെ മറികടന്ന് കഴിഞ്ഞ മാസം ലോകത്തിലെ നാലാമത്തെ സമ്പന്നനായ വ്യക്തിയായിരുന്നു.
ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടുപ്രകാരം, ലോകത്തിലെ ഏറ്റവും വലിയ മൂന്നു സമ്പന്നരുടെ പട്ടികയില്‍ ഒരു ഏഷ്യക്കാരന്‍ ഇടം നേടുന്നത് ഇതാദ്യമാണ്. റിലയന്‍സ് മേധാവി മുകേഷ് അംബാനി, ചൈനയിലെ ആലിബാബ ഗ്രൂപ്പിന്റെ ജാക്ക് മാ തുടങ്ങിയവര്‍ ആദ്യം പത്തില്‍ ഇടം പിടിച്ചുട്ടെങ്കിലും ഇത്രയും നേട്ടം കൈവരിച്ചിട്ടില്ല.
ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ ഓപ്പറേറ്ററായ അദാനി ഗ്രൂപ്പിന്റെ സഹസ്ഥാപകനാണ് ഗൗതം അദാനി. രാജ്യത്തെ കല്‍ക്കരി വ്യാപാരത്തിന്റെ കുത്തകയും അദാനിയുടെ പക്കലാണ്. 2021 മാര്‍ച്ച് 31 വരെ 5.3 ബില്യണ്‍ ഡോളര്‍ വരുമാനമാണ് അദാനി എന്റര്‍പ്രൈസസിനുള്ളത്.

