ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചെന്ന കേസില്‍ ടീസ്റ്റ സെതല്‍വാദ്, ആര്‍ബി ശ്രീകുമാര്‍ എന്നിവര്‍ക്ക് ജാമ്യമില്ല. അഹമ്മദാബാദ് സെഷന്‍സ് കോടതിയാണ് ഇരുവരുടേയും ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ മാസം മുതല്‍ ഇരുവരും ജയിലിലാണ്.
ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് നരേന്ദ്രമോദി അടക്കമുള്ളവര്‍ക്കെതിരായ വ്യാജ ആരോപണങ്ങളുന്നയിച്ചെന്നാണ് ടീസ്ത സെതല്‍വാദ്, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരായ സഞ്ജീവ് ഭട്ട്, ആര്‍ബി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയുള്ള കേസ്.
2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന് ടീസ്റ്റയ്ക്കെതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തിരുന്നു. മലയാളിയായ ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ബി ശ്രീകുമാറും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടും കേസിലെ പ്രതികളാണ്.
2002ലെ ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. പിന്നാലെയാണ് ഇരുവരുടേയും അറസ്റ്റ്. ശ്രീകുമാറും ടീസ്റ്റ് സെതല്‍വാദും മുന്‍ ഐപിഎസ് ഓഫീസറായ സഞ്ജീവ് ഭട്ടും സാക്കിയ ജാഫ്രി മുഖേന നിരവധി ഹര്‍ജികള്‍ കോടതിയില്‍ സമര്‍പ്പിക്കുകയും എസ്‌ഐടി മേധാവിക്കും മറ്റുള്ളവര്‍ക്കുമെതിരെ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നുമാണ് അന്വേഷണം സംഘം പറയുന്നത്.