പരിശീലനത്തിന്റെ മറവില്‍ പെണ്‍കുട്ടികളുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ച കായിക അധ്യാപകനെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ സുഗുണപുരം ഈസ്റ്റ് സര്‍ക്കാര്‍ സ്‌കൂളിലെ കായിക അധ്യാപകന്‍ വാല്‍പാറ സ്വദേശി പ്രഭാകരനാണ് അറസ്റ്റിലായത്. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. അദ്ധ്യാപകന്‍ അപമര്യാദയായി പെരുമാറുന്നുവെന്ന് കുട്ടികള്‍ വീട്ടിലറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂള്‍ ഉപരോധിച്ചതോടെയാണ് അറസ്റ്റ് ചെയ്തത്.
ഒരാഴ്ച മുന്‍പാണു വാല്‍പാറ സ്വദേശി പ്രഭാകരന്‍ സുഗുണപുരം സ്‌കൂള്‍ കായിക അധ്യാപകനായി ചുമതലയേറ്റത്. തൊട്ടടുത്ത ദിവസം മുതല്‍ ഇയാള്‍ പരിശീലനത്തിന്റെ മറവില്‍ പെണ്‍കുട്ടികളുടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ തുടങ്ങി. ദുരുദ്ദേശ്യത്തോടെയുള്ള പെരുമാറ്റം സഹിക്കാന്‍ കഴിയാതായതോടെ കുട്ടികള്‍ പ്രധാന അധ്യാപികയെ വിവരമറിയിച്ചു. നടപടിയെടുക്കുന്നതിനു പകരം കുട്ടികളെ ആശ്വസിപ്പിച്ച് അയയ്ക്കുകയാണ് അധ്യാപിക ചെയ്തത്. ഇതോടെ കുട്ടികള്‍ വീട്ടില്‍ വിവരമറിയിച്ചു. ഇന്നലെ രാവിലെ മാതാപിതാക്കള്‍ സ്‌കൂളിലെത്തി ബഹളം വച്ചു. തുടര്‍ന്ന് ഉപരോധ സമരമായി.
അധ്യാപകനെതിരെയും പ്രധാന അധ്യാപികയ്ക്കെതിരെയും നടപടി എടുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ആര്‍ഡിഒ ഉള്‍പ്പെടെ സ്ഥലത്ത് എത്തുകയും അധ്യാപകനെതിരെ നടപടി എടുക്കുമെന്നും രക്ഷിതാക്കള്‍ക്ക് ഉറപ്പു നല്‍കിയതോടെയാണ് ഇവര്‍ പിരിഞ്ഞു പോകാന്‍ തയ്യാറായത്. അറസ്റ്റിന് പിന്നാലെ ഇയാളെ സസ്പെന്‍ഡ് ചെയ്തതായും ആര്‍ഡിഒ അറിയിച്ചു.