കൊവിഡ് രണ്ടാംതരംഗത്തിന്റെ പ്രത്യാഘാതം അനുഭവിക്കുന്ന ചെറുകിട വ്യാപാരികൾ, വ്യവസായികൾ, കൃഷിക്കാർ എന്നിവരുൾപ്പെടെയുള്ളവർക്ക് പ്രത്യേക സാമ്പത്തിക പാക്കേജുമായി സംസ്ഥാന സർക്കാർ.
കോവിഡ് ബാധിച്ച കുടുംബങ്ങൾക്കുള്ള ഒരു ലക്ഷം രൂപയുടെ വായ്പ സെപ്റ്റംബർ 30 വരെ നീട്ടി.
കെഎഫ്‌സി, കെഎസ്‌എഫ്‌ഇ വായ്പകളുടെ പലിശയ്ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചു. കെഎസ്‌എഫ്‌ഇ വായ്പകളുടെ പിഴപ്പലിശ സെപ്റ്റംബര്‍ 30 വരെ ഒഴിവാക്കി.
രണ്ടുലക്ഷം രൂപ വരെ വായ്പകളുടെ പലിശ നാലു ശതമാനം വരെ സര്‍ക്കാര്‍ വഹിക്കും. 5650 കോടിയുടെ ആനുകൂല്യമാണ് സാമ്പത്തിക പാക്കേജിലൂടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
കെഎസ്‌എഫ്‌ഇ ചെറുകിട സംരംഭകര്‍ക്ക് നല്‍കിയ വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം അനുവദിക്കും. വ്യാപാരികള്‍ക്കും, വ്യവസായികള്‍ക്കും, കര്‍ഷകര്‍ക്കും അനുകൂല പ്രഖ്യാപനങ്ങളാണ് പുതിയ പാക്കേജിലുള്ളത്.
ഒരു കോടി രൂപ വരെ വായ്പ ലഭിക്കുന്ന സ്റ്റാര്‍ട്ട് ആപ്പ് കേരള വായ്പ പദ്ധതി ഉടന്‍ വരും. വ്യവസായ എസ്റ്റേറ്റുകളിലെ സംരംഭകര്‍ക്ക് പ്രത്യേക വായ്പ പദ്ധതി. രണ്ട് ലക്ഷത്തില്‍ താഴെയുള്ള വായ്പ പലിശയുടെ 4 ശതമാനം വരെ സര്‍ക്കാര്‍ 6 മാസത്തേക്ക് വഹിക്കും. ഒരു ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഓഗസ്റ്റ് ഒന്ന് മുതല്‍ എടുക്കുന്ന വായ്പകള്‍ക്ക് പലിശയില്‍ ഇളവ് നല്‍കുമെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വ്യാപാരികള്‍ക്കും സര്‍ക്കാര്‍ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. രണ്ടു ലക്ഷം വരെയുള്ള വായ്പകള്‍ക്ക് പലിശയുടെ നാലു ശതമാനം സര്‍ക്കാര്‍ വഹിക്കും. ആറു മാസത്തേക്കാണ് ഇളവ്. 2000 കോടിയുടെ വായ്പകള്‍ക്ക് ഇളവ് ലഭിക്കും. സര്‍ക്കാരിന്റെ കടമുറികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ വാടക ഒഴിവാക്കി. സ്വകാര്യ കട ഉടമകളും ഈ സാഹചര്യത്തില്‍ ഉദാര സമീപനം സ്വീകരിക്കണമെന്ന് ധനമന്ത്രി അഭ്യര്‍ത്ഥിച്ചു.