വ്യത്യസ്തമായ ആശയത്തിന് തുടക്കം കുറിച്ച് മാതൃകയാകാന്‍ ഒരുങ്ങുകയാണ് കുന്ദമംഗലം പഞ്ചായത്തിലെ എട്ടാം വാര്‍ഡ്. പ്രായഭേദമന്യേ എല്ലാ ആളുകളെയും വിനോദയാത്രയ്ക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് വാര്‍ഡിലെ അധികൃതര്‍. ഒറ്റയ്ക്ക് പോകാന്‍ സാധിക്കാത്തവര്‍ക്കും, കൊവിഡ് മൂലം വീടില്‍ ഒതുങ്ങി പോയപ്പോള്‍ അനുഭവിച്ച മാനസിക സമ്മര്‍ദം കുറക്കാനും വേണ്ടിയാണ് ഈയൊരു ഉദ്യമത്തിന് തുടക്കം കുറിക്കുന്നതെന്ന് വാര്‍ഡിലെ മെമ്പറായ കെകെസി നൗഷാദ് പറയുന്നു.
ഊട്ടിയിലേക്കാണ് യാത്ര. ഒരു ദിവസം കൊണ്ട് അഞ്ചില്‍ കൂടുതല്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് തീരുമാനം. കുതിരസവാരി, ബോട്ടിങ് തുടങ്ങി വിവിധ പ്രവര്‍ത്തികളും ഉണ്ടായിരിക്കും. വ്യക്തികള്‍ക്ക് 700 രൂപയും അഞ്ച് വയസ്സില്‍ താഴെയുള്ളവര്‍ക്ക് യാത്ര സൗജന്യവുമാണ്. എല്ലാവരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു. നാലു ബസുകളാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ തന്നെ രണ്ടു ബസുകള്‍ നിറഞ്ഞിട്ടുണ്ട്. ആഗസ്റ്റ് 6നാണ് വിനോദയാത്ര പോകുന്നത്. ജൂലൈ 10 വരെ ബുക്ക് ചെയ്യാം.
കുടംബശ്രീയിലെ 25ഓളം വരുന്ന അംഗങ്ങളാണ് ഈ യാത്രയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. ആളുകളെ കൂട്ടാനും യാത്രയുടെ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതും ഇവരാണ്. രാവിലത്തെയും ഉച്ചയിലത്തെയും ഭക്ഷണം കൊണ്ടു പോവുകയും രാത്രി ഉണ്ടാക്കി കഴിക്കാം എന്ന തീരുമാനമാണ് പദ്ധതിയിലുള്ളത്.