മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിഡബ്ലിയുസിയുടെ വക്താവായി മാറിയെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. പ്രൈസ് വാട്ടേഴ്‌സ് ഹൗസ് കൂപ്പേഴ്‌സ് എന്ന കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ അസ്വാഭാവികതയില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടി നിലനില്‍ക്കുന്നതല്ലെന്നുംഅദ്ദേഹം പറഞ്ഞു. ഇ-മൊബിലിറ്റി പദ്ധതിയ്‌ക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തള്ളിയിരുന്നു.
സെബി നിരോധിച്ച കമ്പനിയും കണ്‍സള്‍ട്ടന്‍സി നല്‍കിയ കമ്പനിയും തമ്മില്‍ ബന്ധമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഇത് പച്ചക്കള്ളമാണ്. സെബിയുടെ ഉത്തരവിന്റെ 204-ാം ഖണ്ഡികയില്‍ പ്രൈസ് വാട്ടേഴ്‌സ് ഹൗസ് ഇന്ത്യ എന്ന കമ്പനിയെത്തന്നെ നിരോധിക്കാതെ ഇവര്‍ നടത്തുന്ന കൊള്ള തടയാന്‍ പറ്റില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒരു കമ്പനി നിയമനടപടികളില്‍ നിന്ന് ഒഴിവാകുന്നതിന് വേണ്ടി വിവിധ പേരുകള്‍ സ്വീകരിക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് സെബി പറയുന്നു. നിരോധനമുള്ള കമ്പനിക്ക് തന്നെയാണ് കരാര്‍ നല്‍കിയത്.
മുഖ്യമന്ത്രി സെബിയുടെ ഉത്തരവ് വായിച്ചുനോക്കാതെ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കത്ത രീതിയിലാണ് ഇത് വേറെ കമ്പനിയാണെന്നും നിരോധനം വേറെ കമ്പനിക്കാണെന്നും പറഞ്ഞത്. എല്ലാ കാര്യങ്ങളും വ്യക്തമായി പഠിച്ചാണ് വാദങ്ങള്‍ ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നതായും ചെന്നിത്തല പറഞ്ഞു.