കോഴിക്കോട്: ഗാന്ധിയും നെഹ്‌റുവും കാണിച്ചുതന്ന വഴികള്‍ മോദിക്കും സംഘ്പരിവാറിനും സ്വപ്നത്തില്‍ പോലും കാണാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഗാന്ധിയെ നിരാകരിക്കുന്നവര്‍ രാമനെ സ്വന്തം ഇഷ്ടത്തിന് ഉപയോഗിക്കുന്നവരാണെന്നും വി.ഡി. സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഗാന്ധിയുടെ രാമനും സീതയും ഗീതാവാക്യവും സത്യാന്വേഷണങ്ങളും എല്ലാം ഇന്ത്യയായിരുന്നു. കാലമെത്ര കഴിഞ്ഞാലും കൊലയാളികള്‍ക്ക് കൂടെകൂട്ടി കുടിയിരുത്താവുന്ന ഒന്നല്ല ഗാന്ധിയും അദ്ദേഹത്തിന്റെ മൂല്യങ്ങളും. ഗാന്ധിയെ ഓര്‍ക്കാതിരിക്കുക എന്നതാണ് സംഘ്പരിവാറിന് അദ്ദേഹത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
വി.ഡി. സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഗാന്ധിയും നെഹ്‌റുവും കാണിച്ച് തന്ന വഴികളുണ്ട്. ആ വഴികള്‍ മോദിക്കും സംഘപരിവാറിനും സ്വപ്നത്തില്‍ പോലും കാണാനാകില്ല. സത്യഗ്രഹം, സഹനം, അഹിംസ, നിസ്സഹകരണം, സിവില്‍ നിയമലംഘനം അങ്ങനെയുള്ള ഗാന്ധിയന്‍ ആശയസംഹിതകളുടെ പ്രയോഗം പരിവാര്‍ സംഘടനകള്‍ക്ക് മനസിലാകില്ല. പക്ഷേ ലോകത്തിന് പണ്ടേ മനസിലായി. വഴിവിളക്കും ഊര്‍ജ്ജവും തിരുത്തലും സത്യവുമായി ഗാന്ധിജി ഇന്നും ലോകത്തിന് മുന്നില്‍ പ്രസക്തനായി നില്‍ക്കുന്നു.
ഗാന്ധിയെ നിരാകരിക്കുന്നവര്‍ രാമനെ സ്വന്തം ഇഷ്ടത്തിന് ഉപയോഗിക്കുന്നവരാണ്. ഗാന്ധിയുടെ രാമനും സീതയും ഗീതാവാക്യവും സത്യാന്വേഷണങ്ങളും എല്ലാം ഇന്ത്യയായിരുന്നു. കാലമെത്ര കഴിഞ്ഞാലും കൊലയാളികള്‍ക്ക് കൂടെ കൂട്ടി കുടിയിരുത്താവുന്ന ഒന്നല്ല ഗാന്ധിയും അദ്ദേഹത്തിന്റെ മൂല്യങ്ങളും. ഗാന്ധിയെ ഓര്‍ക്കാതിരിക്കുക എന്നതാണ് സംഘപരിവാറിന് അദ്ദേഹത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരം.
മതഭ്രാന്ത് കത്തി പടര്‍ന്ന നവ്ഖാലിയില്‍ ഗാന്ധിജി ഉയര്‍ത്തിയ ആശയങ്ങള്‍ മോദി ഓര്‍ക്കുന്നുണ്ടാകില്ല. രാജ്യവും ലോകവും ഓര്‍ക്കുന്നുണ്ട്. അങ്ങനെയാണ് മരണവും കടന്ന് ഗാന്ധിജി തലമുറകളിലൂടെ ജീവിക്കുന്നത്.