രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാത്തതിൽ കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി. രാജ്യസഭ സീറ്റ് കിട്ടാത്തതിൽ മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേരയും പ്രതിഷേധവുമായി നടിയും മഹിളാ കോൺഗ്രസ് നേതാവുമായ നഗ്മയും രാജസ്ഥാനിൽ നിന്നുള്ള എംഎൽഎ സന്യം ലോധ യും അതൃപ്തി അറിയിച്ച് രംഗത്തെത്തി.‘എന്റെ തപസ്യയിൽ എന്തോ ഒന്നിന്റെ അഭാവമുണ്ടെന്നു തോന്നുന്നു’ – എന്നായിരുന്നു പവൻ ഖേരയുടെ ട്വീറ്റ്. പവൻ ഖേരയുടെ ‘അതൃപ്തി ട്വീറ്റ്’ റീട്വീറ്റ് ചെയ്താണ് നഗ്‌മ പ്രതികരിച്ചത്.‘18 വർഷം പിന്നിട്ട തപസ്യ നിഷ്ഫലമായെ’ന്ന് നഗ്‌മ ട്വീറ്റ് ചെയ്തു
”2003-04 വർഷത്തിൽ ഞാൻ കോൺഗ്രസിൽ ചേർന്നപ്പോൾ എനിക്ക് സോണിയാ ഗാന്ധി നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതാണ്. അധികാരത്തിലില്ലാത്ത വർഷങ്ങളുൾപ്പടെ, ഇപ്പോൾ 18 വർഷമായി. എനിക്കെന്തുകൊണ്ട് രാജ്യസഭാ സീറ്റിന് അവകാശമില്ല?”, നഗ്മ പുറത്തുവിട്ട ട്വീറ്റിൽ ചോദിക്കുന്നു. മുൻ കേന്ദ്രമന്ത്രിമാരായ പി.ചിദംബരം, ജയറാം രമേശ്, അജയ് മാക്കൻ, പാർട്ടി വക്താവ് രൺദീപ് സുർജേവാല എന്നിവരാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിലുള്ളത്. ചിദംബരം തമിഴ്നാട്ടിൽ നിന്നും ജയറാം രമേശ് കർണാടകത്തിൽ നിന്നും സുർജേവാല രാജസ്ഥാനിൽ നിന്നുമാണു മത്സരിക്കുന്നത്. മുകുൾ വാസ്നിക്, പ്രമോദ് തിവാരി, വിവേഖ് തൻഖ, രാജീവ് ശുക്ല, രഞ്ജീത് രഞ്ജൻ എന്നിവരാണു കോൺഗ്രസിന്റെ പട്ടികയിലുള്ള മറ്റുള്ളവർ. ജി 23 വിമത സംഘത്തിലെ പ്രധാന നേതാക്കളായ ഗുലാംനബി ആസാദ്, ആനന്ദ് ശർമ എന്നിവർക്ക് സീറ്റില്ല. എന്നാൽ ഗ്രൂപ്പിൽപ്പെട്ട മുകുൾ വാസ്നിക്കിനു സീറ്റ് നൽകി.ഉത്തർപ്രദേശിൽ നിന്നുള്ള നേതാവായ ഇമ്രാൻ പ്രതാപ് ഗഡിയുടെ സീറ്റിലാണ് നഗ്മയുടെ പ്രതിഷേധം.