തൃശൂരിൽ ആവേശപ്പെരുമഴ. കിഴക്കൂട്ട് അനിയന്മാരാരുടെ നേതൃത്വത്തില്‍ കൊട്ടിക്കയറി ഇലഞ്ഞിത്തറമേളം. പൂരത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഇലഞ്ഞിത്തറ മേളം. 250ലധികം കലാകാരന്മാരാണ് ഇലഞ്ഞിത്തറമേളത്തിന്റെ ഭാഗമാകുന്നത്. ഇതാദ്യമായാണ് കിഴക്കൂട്ട് അനിയന്‍ മാരാണ് മേളപ്രമാണിയാകുന്നത്ഇടംതല-വലംതല ചെണ്ടയ്‌ക്കൊപ്പം കൊമ്പും കുറുകുഴലും ഇലത്താളവുമായി മേളം കൊഴുക്കുകയാണ്.
നേരത്തെ, മൂന്ന് വര്‍ഷത്തിന് ശേഷം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ നൈതലക്കാവിലമ്മയുടെ തിടമ്പേറ്റിയത് പൂരപ്രേമികളെ അത്യാവേശത്തിലാക്കി. രാമനെ കാണാന്‍ വഴിയില്‍ ഉടനീളെ ആള്‍കൂട്ടം തിങ്ങിനിറഞ്ഞു. രാമൻ, രാമൻ എന്ന ആർപ്പ് വിളിയോടെയാണ് പൂര പ്രേമികൾ രാമനെ വരവേറ്റത് . നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് നായ്ക്കനാലില്‍ എത്തിയപ്പോള്‍ അവിടം ജനനിബിഡമായി. ആരാധകര്‍ ചുറ്റും നിരന്നു. പാണ്ടിമേളത്തോടെ പൂരാവേശം രാമനൊപ്പം കൊട്ടിക്കയറി.
ഇക്കുറി കോങ്ങാട് മധുവായിരുന്നു പഞ്ചവാദ്യത്തിന്റെ അമരത്ത്. നൂറുകണക്കിനാളുകളാണ് മഠത്തില്‍ വരവ് പഞ്ചവാദ്യത്തിന് സാക്ഷ്യം വഹിക്കാന്‍ തടിച്ചുകൂടിയത്.