നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. ഹോം വോട്ടിങ്, പോസ്റ്റല്‍ വോട്ടിങ്, ഇ.വി.എം കമീഷനിങ്, ക്രമസമാധാനം, തിരഞ്ഞെടുപ്പ് ആപ്പുകളായ സുവിധ പോര്‍ട്ടല്‍, സി-വിജില്‍ തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
റാലികള്‍, പൊതുയോഗം, ലൗഡ് സ്പീക്കര്‍ ഉപയോഗം തുടങ്ങിയവക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ ആദ്യം സുവിധ പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ സുവിധ ആപ്പ് നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും കലക്ടര്‍ അറിയിച്ചു. പൊതുസ്ഥലങ്ങളിലെ പോസ്റ്ററുകള്‍, ബാനറുകള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കണം. ഇ.വി.എം കമീഷനിങ്, ഹോം വോട്ടിങ്, പോസ്റ്റല്‍ വോട്ടിങ് എന്നിവ നടക്കുമ്പോള്‍ അതത് മണ്ഡലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സാന്നിധ്യം ഉറപ്പാക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ ഡോ. എസ് മോഹനപ്രിയ, പൊലീസ് ഒബ്സര്‍വര്‍ യമുന പ്രസാദ്, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ വി സുപിന്, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

