തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ സുഹൃത്തായ ഐബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷ് ഒളിവില്‍. ഓഫീസിലും മലപ്പുറത്തെ വീട്ടിലും തിരഞ്ഞിട്ട് കണ്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് മേഘയുടെ അച്ഛന്‍ മധുസൂദനന്‍ ആരോപിച്ചു.
മേഘയെ അവസാനം വിളിച്ചത് സുകാന്ത് ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. അവസാന ഫോണ്‍ വിളി നീണ്ട് നിന്നത് 8 സെക്കന്റ് മാത്രമാണ്. ഫോണില്‍ സംസാരിച്ച് കൊണ്ട് പാളത്തിലൂടെ നടന്ന മേഘ ട്രെയിന്‍ വരുന്നത് കണ്ട് പാളത്തിന് കുറുകെ കിടക്കുകയായിരുന്നുവെന്ന് ലോക്കോപൈലറ്റ് മൊഴി നല്‍കിയിരുന്നു. മേഘയുടെ ശമ്പളം സുകാന്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായും സ്ഥിരീകരിച്ചു.
തിരുവനന്തപുരം പേട്ട പോലീസിന് തുടക്കത്തില്‍ തന്നെ വിവരം ലഭിച്ചിട്ടും കൃത്യമായ ഇടപെടല്‍ നടത്തിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. സുകാന്തിന് ഒളിവില്‍ പോകാന്‍ ഇത് അവസരമായി. വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിക്കുകയായിരുന്നു. സാമ്പത്തികമായി അങ്ങേയറ്റം ചൂഷണം ചെയ്തു. മറ്റു ഭീഷണിയും ഉണ്ടായിരുന്നിരിക്കാം. അതാണ് മകള്‍ ജീവനൊടുക്കാന്‍ കാരണം. ഐബി ഉദ്യോഗസ്ഥനായ സുകാന്തിനെതിരെ ശക്തമായ നടപടി വേണമെന്നും മേഘയുടെ പിതാവ് ആവശ്യപ്പെട്ടു.