റിയാദ്: വിശുദ്ധിയുടെ വ്രതകാലം പൂര്‍ത്തിയാക്കി ഒമാനൊഴികെ ഗള്‍ഫ് രാജ്യങ്ങളിലെ വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. മാസപ്പിറ കാണാത്തതിനാല്‍ റമദാന്‍ മുപ്പതും പൂര്‍ത്തിയാക്കി നാളെയാണ് ഒമാനില്‍ ഈദ് ആഘോഷം. മക്കയിലും മദീനയിലും ജനലക്ഷങ്ങള്‍ പെരുന്നാള്‍ സന്തോഷത്തില്‍ പങ്കാളികളാകും.
29 ദിവസം നീണ്ട നോമ്പിന്റെ നാളുകള്‍. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസത്തിലെ ഓരോ പത്തിലേയും പുണ്യം നുകര്‍ന്നാണ് വിശ്വാസികള്‍ പെരുന്നാളിലേക്ക് എത്തുന്നത്. റിയാദില്‍ മാസപ്പിറവി ദൃശ്യമായതോടെ സൗദി, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ രാജ്യങ്ങളും വിവിധ അറബ് രാജ്യങ്ങളും ഇന്ന് ഈദിന്റെ മധുരത്തിലാണ്. മാസപ്പിറവി ദൃശ്യമാകാത്ത ഒമാനില്‍ നാളെയാണ് പെരുന്നാള്‍.