മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച മൂന്നുപേർ എയർ കസ്റ്റംസ് ഇൻറലിജൻസ് ഉദ്യോഗസ്ഥരുടെ പിടിയിൽ. കസ്റ്റംസിന്റെ കണ്ണുവെട്ടിക്കാൻ ശരീരത്തിലും കാർബോർഡ് പെട്ടിയിലും ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് മൂവരും പിടിയിലായത്.
എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ദോഹയിൽ നിന്നും എത്തിയ മലപ്പുറം വെറ്റിലപ്പാറ സ്വദേശിയായ നെല്ലിപ്പകുണ്ടൻ മുനീറാണ് (38) പിടിയിലായവരിൽ ഒരാൾ. ഇയാൾ 1064 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം നാല് ക്യാപ്സുകളാക്കി കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.
സമാനമായ രീതിയിൽ സ്വർണം കടത്താൻ ശ്രമിച്ച ജിദ്ദയിൽ നിന്നും എത്തിയ കൂരാച്ചുണ്ട് സ്വദേശിയായ ഷാപ്പുള്ളപറമ്പിൽ മുഹമ്മദ് യൂനസ് (32)ൽ നിന്നും 1123 ഗ്രാം സ്വർണവും പിടികൂടിയിട്ടുണ്ട്. ഇയാളും സ്വർണ്ണമിശ്രിതം നാല് ക്യാപ്സുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.
ഇതിന് പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ദുബായിൽ നിന്നും എത്തിയ പാലക്കാട് സ്വദേശിയായ തയ്യിൽ സന്ദീപിൽ നിന്നും സ്വർണം പിടികൂടി. ഇയാളുടെ ബാഗേജിന്റെ ഉള്ളിലുണ്ടായിരുന്ന കുട്ടികളുടെ കളിപ്പാട്ടങ്ങളുടെ കാർഡ്ബോർഡ് പെട്ടികൾ കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായി നടത്തിയ പരിശോധനയിലാണ് സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ചതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ 1201 ഗ്രാം തൂക്കമുള്ള സ്വർണ കാർഡ്ബോർഡ് കഷണങ്ങൾ പിടിച്ചെടുത്തു.